ക്യുഎസ്-ടൈംസ് റാങ്കിങ്ങുകൾ: കേരള, എംജി സർവകലാശാലകൾക്ക് ആഗോളതലത്തിൽ നേട്ടം

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ കേരള സർവകലാശാല മികച്ച നേട്ടം കരസ്ഥമാക്കിയപ്പോൾ ടൈംസ് ആഗോള റാങ്കിങ്ങിലാണ് എംജി സർവകലാശാല മുന്നേറ്റമുണ്ടാക്കിയത്

Update: 2024-10-09 16:27 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: ക്യുഎസ്-ടൈംസ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങുകളിൽ മികച്ച നേട്ടം സ്വന്തമാക്കി കേരള, എംജി സർവകലാശാലകൾ. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ കേരള സർവകലാശാല മികച്ച നേട്ടം കരസ്ഥമാക്കിയപ്പോൾ ടൈംസ് ആഗോള റാങ്കിങ്ങിലാണ് എംജി സർവകലാശാല മുന്നേറ്റമുണ്ടാക്കിയത്. അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള റാങ്കിംഗ് സംവിധാനമായ ക്യുഎസ്(Quacquarelli Symonds) റാങ്കിങ്ങിന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്‌സ് ഏഷ്യ 2025ൽ കേരള സർവകലാശാല 339 സ്ഥാനം നേടി. അതോടൊപ്പം

വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്‌സ് സതേൺ ഏഷ്യയിൽ എൺപത്തെട്ടാം സ്ഥാനവും കേരള സർവകലാശാലയ്ക്ക് ലഭിച്ചു. സർവകലാശാലകളുടെ അക്കാദമിക നിലവാരം, ഗവേഷണ നിലവാരം, വിദ്യാർത്ഥി-അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അദ്ധ്യാപകരുടെ ലഭ്യത തുടങ്ങിയ പല മാനദണ്ഡങ്ങളാണ് ക്യുഎസ് റാങ്ക് അടിസ്ഥാനമാക്കുന്നത്. ആഗോളതലത്തിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലോകോത്തര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സുപ്രധാന സൂചികകളിൽ ഒന്നാണ് ക്യുഎസ് റാങ്കിംഗ്. ലോകനിലവാരത്തിലേക്ക് ഉയരുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനം പകരുന്നതാണ് കേരള സർവകലാശാലയും എം ജി സർവകലാശാലയും സ്വന്തമാക്കിയിരിക്കുന്ന ആഗോള നേട്ടങ്ങളെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

സമീപ വർഷങ്ങളിൽ NAAC, NIRF തുടങ്ങിയ ദേശീയതലത്തിലെ അക്കാദമിക ഗുണനിലവാര സൂചികകളിലും റാങ്കിംഗിലും സ്വന്തമാക്കിയ മികച്ച നേട്ടങ്ങളുടെ തുടർച്ചയാണ് കേരള സർവ്വകലാശാലയുടെ ക്യുഎസിലെ മികവെന്നും മന്ത്രി പറഞ്ഞു.

അധ്യാപനം, ഗവേഷണ അന്തീക്ഷം, ഗവേഷണ മികവ്, രാജ്യാന്തര വീക്ഷണം, വ്യവസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷന്റെ 2025 വർഷത്തേക്കുള്ള വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ 401 മുതൽ 500 വരെയുള്ള റാങ്ക് വിഭാഗത്തിലേക്കാണ് എംജി സർവകലാശാല മുന്നേറിയത്. 2024ലെ റാങ്കിംഗിൽ 501-600 റാങ്ക് വിഭാഗത്തിലായിരുന്നു സർവകലാശാല. എം.ജി സർവകലാശാലയ്ക്കു പുറമെ തമിഴ്‌നാട്ടിലെ അണ്ണാ സർവകലാശാല, സിമാറ്റ്‌സ് ഡീംഡ് സർവകലാശാല, ഹിമാചൽ പ്രദേശിലെ ശൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് എന്നിവ മാത്രമാണ് 401-500 റാങ്ക് വിഭാഗത്തിലുള്ളത്. 115 രാജ്യങ്ങളിൽനിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് റാങ്ക് പട്ടിക. യു.കെയിലെ ഓക്‌സ്ഫഡ് സർവകലാശാലയ്ക്കാണ് തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനം.

കാലത്തിന്റെ മാറ്റത്തെയും സാങ്കേതികവിദ്യകളെയും സമന്വയിക്കുന്നതിലുള്ള മികവാണ് എം ജി സർവകലാശാലയുടെ അംഗീകാരലബ്ധിക്കു പിന്നിലെന്ന് മന്ത്രി പറഞ്ഞു. 2021 മുതൽ തുടർച്ചയായി ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിംഗിൽ ഇടം നേടുന്ന എം ജി സർവകലാശാല ഈ വർഷം ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ രാജ്യത്ത് ഒന്നാം സ്ഥാനവും ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News