ഹിന്ദു ഏക സിവിൽകോഡ് നടപ്പാക്കിയശേഷം മതി ഇന്ത്യൻ ഏക സിവിൽകോഡ്: കേരള ദലിത് ഫെഡറേഷൻ
ഏക സിവിൽകോഡിനെ സംഘ്പരിവാർ വിരുദ്ധ ശക്തികൾ ഒന്നിച്ചുനിന്ന് ചെറുത്തുതോൽപ്പിക്കുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ പറഞ്ഞു.
കോഴിക്കോട്: ഹിന്ദു കോഡ് നടപ്പാക്കിയ ശേഷം മതി ഇന്ത്യൻ ഏക സിവിൽകോഡ് നടപ്പാക്കുന്നതെന്ന് കേരള കരകൗശല കോർപ്പറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ. കേരള ദലിത് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
3600 ഉപജാതികളാണ് ഹിന്ദുക്കളിൽ മാത്രമുള്ളത്. അവരുടെ ആചാര അനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്. ഹിന്ദുത്വവാദികളായ കേന്ദ്രം ഭരിക്കുന്നവർക്ക് ഹിന്ദുക്കളെപ്പോലും ഏക സിവിൽകോഡിൽ കൊണ്ടുവരാൻ കഴിയില്ല. പിന്നെയാണോ വിവിധ മതങ്ങളും ഭാഷകളും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളും ഉള്ള രാജ്യത്ത് അത് സാധ്യമാവുകയെന്ന് അദ്ദേഹം ചോദിച്ചു.
22 ഔദ്യോഗിക ഭാഷകളുള്ള ഇന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതുപോലെ വിഫലമായി ഇതും പര്യവസാനിക്കും. ഏക സിവിൽകോഡിലൂടെ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാം എന്നത് വ്യാമോഹമാണ്. ദലിതരെയും ആദിവാസികളെയും ബാധിക്കുന്ന പ്രശ്‌നം കൂടിയായതുകൊണ്ട് ഏക സിവിൽകോഡിനെ സംഘ്പരിവാർ വിരുദ്ധ ശക്തികൾ ഒന്നിച്ചുനിന്ന് ചെറുത്തുതോൽപ്പിക്കുമെന്നും രാമഭദ്രൻ പറഞ്ഞു.