കേന്ദ്ര അവഗണനക്കെതിരായ കേരള സർക്കാറിന്റെ ഡൽഹി സമരം തുടങ്ങി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജന്ദർമന്തറിലേക്ക് പ്രതിഷേധ മാർച്ച്
കർണാടക സർക്കാർ ,കേന്ദ്ര വിരുദ്ധ സമരം നടത്തിയതിനു പിന്നാലെയാണ് പ്രത്യക്ഷ സമരവുമായി കേരളം തെരുവിലിറങ്ങുന്നത്
ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്ക് എതിരായ കേരളത്തിന്റെ ഡൽഹി പ്രതിഷേധം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎൽഎര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. 10.45 ഓടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളഹൗസിൽ നിന്ന് മാർച്ചായി പ്രതിഷേധം ആരംഭിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ഡിഎംകെ നേതാക്കൾ അടക്കം സമരത്തിന് പിന്തുണയുമായി ജന്തൻ മന്ദറിലെത്തുന്നുണ്ട്.
പ്രതിഷേധത്തെ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ മുന്നേറ്റമാക്കാനാണ് ഇടതുപക്ഷത്തിന്‍റെ നീക്കം. സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതിയും പദ്ധതികളും നേടിയെടുക്കുക എന്ന ലക്ഷ്യമിട്ടാണ് നിയമവഴിക്ക് പുറമേ തെരുവിലും സമരത്തിന് ഇറങ്ങിയത്.ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു .സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെ തളർത്താൻ കേന്ദ്ര ശ്രമമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.. 'കേരളത്തിലെ കോൺഗ്രസുകാർ കർണാടകയെ കണ്ടുപഠിക്കണം.വികസനം മുരടിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഒറ്റപ്പെടും' ..ഇ.പി ജയരാജൻ പറഞ്ഞു. കേന്ദ്രസർക്കാറിന്റേത് രാഷ്ട്രീയ പകപോക്കലെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ഇ.പി ജയരാജൻ മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ് ഡൽഹിയിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. രാജ്യത്തിന്റെ ഫെഡറലിസവും ഭരണഘടനയും തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ ,കേന്ദ്ര വിരുദ്ധ സമരം നടത്തിയതിനു പിന്നാലെയാണ് പ്രത്യക്ഷ സമരവുമായി കേരളം തെരുവിലിറങ്ങുന്നത്.