വ്യാപാരികളുടെ പ്രതിഷേധത്തിനിടെ 5,650 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

വ്യാപാരികളുടെ 2000 കോടി രൂപയുടെ വായ്പകൾക്ക് പലിശ ഇളവ്, കെട്ടിട നികുതി, വാടക ഒഴിവാക്കൽ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു

Update: 2021-07-30 07:34 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് അടച്ചിടൽ നയത്തിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തമായിരിക്കെ 5,650 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വ്യാപാരികളുടെ 2000 കോടി രൂപയുടെ വായ്പകൾക്ക് പലിശ ഇളവ്, കെട്ടിട നികുതി, വാടക ഒഴിവാക്കൽ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.

ചെറുകിട വ്യാപാരികൾ വ്യവസായികൾ കൃഷിക്കാർ എന്നീ വിഭാഗങ്ങൾക്കായി ധനമന്ത്രി സഹായ പാക്കേജ് പ്രഖ്യാപിച്ചത്. വായ്പയും ബാധ്യതയും ചേർത്ത് 5650 കോടി രൂപ വരും. നിയമസഭയിൽ ചട്ടം 300 പ്രകാരമായിരുന്നു പ്രഖ്യാപനം. വ്യാപാരികൾ ആഗസ്ത് ഒന്ന് മുതൽ എടുക്കുന്ന 2 ലക്ഷം വരെയുള്ള വായ്പകളുടെ നാല് ശതമാനം വരെ പലിശ സർക്കാർ വഹിക്കും. ആകെ 2000 കോടി രൂപയുടെ വായ്പകൾക്കാണ് പലിശ ഇളവ് നൽകുന്നത്. ആറു മാസത്തേക്കുള്ള സഹായത്തിന്‍റെ പ്രയോജനം ഒരു ലക്ഷം പേർക്ക് ലഭിക്കും.

സർക്കാർ സ്ഥാപനങ്ങളുടെ കടമുറികൾക്ക് ജൂലൈ മുതൽ ഡിസംബർ 31 വരെ വാടകയും ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ്ജ് ഒഴിവാക്കി. 274 കോടി രൂപയാണ് സർക്കാരിന് ഇതുണ്ടാക്കുന്ന ബാധ്യത. കെട്ടിട നികുതിയും ഒഴിവാക്കി. മുടങ്ങിക്കിടക്കുന്ന കെ.എസ്.എഫ്.ഇ വായ്പകൾക്ക് പിഴപലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കിയാണ് മറ്റൊരു സഹായം. കോവിഡ് പ്രതിരോധരംഗത്തെത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി ചെലവിന്‍റെ 90 ശതമാനം വായ്പയായി നൽകും.ഇതിനാണ് 100 കോടി. കെ.എഫ്.സി മുഖേനെ പുനരുജ്ജീവനത്തിനായി 3 പദ്ധതിയും പ്രഖ്യാപിച്ചു. വ്യാപാര മേഖലയിലെ നിയന്ത്രണങ്ങൾ മാറ്റുന്നതിലുള്ള നിസഹായാവസ്ഥ പ്രകടിപ്പിച്ച ധനമന്ത്രി പാക്കേജ് കൊണ്ട് പ്രശ്നങ്ങൾ തീരില്ലെന്ന് സമ്മതിച്ചു.

കെ.എഫ്.സി വായ്പകൾക്ക് മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമെങ്കിൽ ഒരു വർഷം മൊറട്ടോറിയം ലഭിക്കും. നിഷ്ക്രിയമാകുന്ന 3000 വായ്പ കെ.എഫ്.സി പുനഃക്രമീകരിക്കും. 20 ശതമാനം അധിക വായ്പയെടുക്കാൻ 450 കോടി രൂപ വകയിരുത്തി. ചെറുകിട വ്യവസായം, ആരോഗ്യം, ടൂറിസം മേഖലയിലെ കെഎഫ്സി വായ്പകളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചു. ഒന്നര ശതമാനം വരെ ഇളവ് ലഭിക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News