ദിലീപിന് ഇന്ന് നിർണായക ദിനം: മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയും ഇന്ന് പരിഗണിക്കും.
നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി പ്രതി ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്‍റെ സുഹൃത്തായ ഹോട്ടലുടമ ശരത്താണ് കേസിലെ വി.ഐ.പി എന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സ്ഥിരീകരിച്ചിരുന്നു. ശരത് മൂന്ന് ദിവസമായി ഒളിവിലാണ്. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയും ഇന്ന് പരിഗണിക്കും.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമാണ് പുതിയ കേസെന്നാണ് ദിലീപിന്റെ വാദം. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യംചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്, ബന്ധു അപ്പു, കേസിലെ വിഐപി എന്ന് പൊലീസ് കരുതുന്ന ശരത്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹരജി നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ശരത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്‍റെ വീട്ടില്‍ പരിശോധന നടന്നതിന് ശേഷം ശരതിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിച്ചിരുന്നു. ഹാജരാകാന്‍ തയ്യാറാവാതെ ശരത് ഒളിവില്‍ പോയി. തനിക്ക് ബന്ധമില്ലാത്ത കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ശരത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് ആരോപിക്കുന്നു. ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ശരതിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ശബ്ദസാമ്പിളുകളും ഫോട്ടോയും തിരിച്ചറിഞ്ഞാണ് ദിലീപിന്റെ വീട്ടില്‍ കണ്ട വി.ഐ.പി ശരത് ആണെന്ന നിഗമനത്തിലേക്ക് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എത്തിയത്.