സർക്കാരും ഗവർണറും നാടകം കളിക്കുകയാണ്: വി.ഡി സതീശൻ
മുഖ്യമന്ത്രി ഗവർണറെ സ്വാധീനിക്കാൻ പോയത് ചരിത്രത്തിൽ തന്നെ ആദ്യമെന്നും വി.ഡി സതീശൻ
തിരുവനന്തപുരം: സർക്കാരും ഗവർണറും നാടകം കളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കണ്ണൂർ വി.സി നിയമനത്തിൽ ഗവർണർ തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നുവെന്നും പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
"വെറും നാടകമാണ് സർക്കാരും ഗവർണറും കളിക്കുന്നത്. ഈ വിഷയം ഉയർത്തിക്കൊണ്ടു വന്നത് തന്നെ പ്രതിപക്ഷമാണ്. കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസവകുപ്പും ക്രമവിരുദ്ധമായി ഇടപെട്ട് ഗവർണർ നിയമവിരുദ്ധമായും ക്രമരഹിതമായും പുനർനിയമനം നടത്തി എന്നത് പ്രതിപക്ഷമാണ് ആദ്യമായി പറഞ്ഞത്
ഇപ്പോഴിതാ ഗവർണർ തെറ്റു ഏറ്റു പറഞ്ഞിരിക്കുകയാണ്. ഇടനിലക്കാർ വഴി ഗവർണറെ അനുനയിപ്പിക്കലാണ് മുഖ്യമന്ത്രി പതിവായി ചെയ്യുന്നത്. സെറ്റിൽമെന്റുണ്ടാക്കി മുഖ്യമന്ത്രി ഗവർണറെ സ്വാധീനിക്കാൻ പോയത് കേരള ചരിത്രത്തിൽ തന്നെ ആദ്യമാണ്. ലോകായുക്ത, സർവകലാശാല ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന ഗവർണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു.
മുഖ്യമന്ത്രിയും ഗവർണറും സെറ്റിൽമെന്റുണ്ടാക്കി ഈ പ്രശ്നത്തിനും പരിഹാരമുണ്ടാക്കുമോ എന്നറിയില്ല. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ചരിത്ര കോൺഗ്രസിൽ മറുപടി പറയണം". സതീശന്‍ കൂട്ടിച്ചേർത്തു.