കേരളം പോളിങ് ബൂത്തിൽ; ഉച്ചവരെ 40 ശതമാനം പോളിങ്

രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.

Update: 2024-04-26 08:07 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ  40 ശതമാനത്തിനടുത്താണ് പോളിങ്. രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടി നേതാക്കളും രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.

20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കൾ കുടുംബത്തോടൊപ്പമെത്തി വോട്ടുരേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായിയിലും വി.ഡി. സതീശൻ പറവൂരും രാവിലെ തന്നെ എത്തി സമ്മതിദാനാവകാശം നിർവഹിച്ചു..

ഒരുമാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള പ്രമുഖർ രാവിലെ തന്നെ കുടുംബസമേതം പോളിങ് ബൂത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പിണറായിയിലെ ആർ.സി അമല സ്കൂളിൽ വോട്ടുരേഖപ്പെടുത്തി. എല്ലാ മണ്ഡലത്തിലും എൽഡിഎഫ് വിജയിക്കുമെന്നും ബിജെപി ഒരിടത്തും രാണ്ടാംസ്ഥാനത്ത് വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൊറാഴ സിഎച്ച് കമ്മാരൻ സ്മാരക യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.കേരളത്തിൽ എൽ.ഡി.എഫ് തരംഗമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

എറണാകുളം പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളജില്‍ 109-ാം ബൂത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വോട്ട്. മലപ്പുറം പാണക്കാട്ടെ ബൂത്തിലായിരുന്നു മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കും വോട്ട്. സംസ്ഥാനത്ത് യുഡിഎഫ് ആത്മവിശ്വാസത്തിലാണെന്ന് നേതാക്കൾ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News