രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാല്‍ ഉത്പാദിപ്പിക്കുന്നത് കേരളത്തിൽ
മലബാറിലെ ക്ഷീര കര്‍ഷകരില്‍ നിന്നും മില്‍മ സംഭരിക്കുന്ന പാലിന്‍റെ ശരാശരി അണു ഗുണനിലവാരം 204 മിനിറ്റായി ഉയര്‍ന്നെന്ന് വകുപ്പിന്‍റെ കണക്കു കളിൽ പറയുന്നു
കോഴിക്കോട്: രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാല്‍ ഉത്പാദിപ്പിക്കുന്നത് കേരളത്തിൽ .ദേശീയ മൃഗ സംരക്ഷണ വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മലബാറിലെ ക്ഷീര കര്‍ഷകരില്‍ നിന്നും മില്‍മ സംഭരിക്കുന്ന പാലിന്‍റെ ശരാശരി അണു ഗുണനിലവാരം 204 മിനിറ്റായി ഉയര്‍ന്നെന്ന് വകുപ്പിന്‍റെ കണക്കു കളിൽ പറയുന്നു.
ഉയർന്ന അണു ഗുണനിലവാരമാണ് പാലിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്നതിലുള്ള പ്രധാന മാനദണ്ഡം. ഇത് പ്രകാരം കർഷകരിൽ നിന്ന് കേരളത്തിൽ മലബാർ മിൽമ സംഭരിക്കുന്ന പാലിനാണ് രാജ്യത്ത് ഏറ്റവും കൂടുതൽ അണു ഗുണനിലവാരം രേഖപ്പെടുത്തിയത്. മലബാർ മിൽമയുടെ അണു ഗുണനിലവാരം 204 ആയി ഉയർന്നപ്പോൾ രണ്ടാം സ്ഥാനത്തുള്ള കർണാടകയുടേത് 190 മിനിറ്റും മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിന്‍റേത് 180 മിനിറ്റുമാണ്. കേരളത്തെക്കാൾ മേച്ചില്‍ പുറങ്ങളും പച്ചപ്പുല്ലും ലഭ്യമായ സംസ്ഥാനങ്ങളുണ്ടായിട്ടും ഇത്തരത്തിലൊരു നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് ക്ഷീര കർഷകരുമായി ഒത്തുചേർന്നുള്ള പ്രവർത്തനം കൊണ്ടാണെന്ന് മലബാർ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1041.47 കോടി രൂപയാണ് മില്‍മ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വിലയായി നല്‍കിയത്. ഇത് കൂടാതെ അധിക പാല്‍ വിലയായി 29.16 കോടി രൂപയും കാലിത്തീറ്റ സബ്സിഡിയായി 7.65 കോടി രൂപയും നൽകിയിട്ടുണ്ട്.