കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

അടുത്ത മൂന്നാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Update: 2022-01-20 01:16 GMT
Advertising

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ലോക്ഡൌണിലേക്ക് പോകില്ലെങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടുത്ത മൂന്നാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമാണെന്ന് സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആദ്യ രണ്ട് തരംഗങ്ങളിലുമില്ലാത്ത രീതിയില്‍ ഉയര്‍ന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 30,000 പിന്നിട്ടു. ഇതെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമാക്കുന്നു. ഇന്ന് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.

സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകും. വ്യാപാര സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവും. സ്വകാര്യ ചടങ്ങുകളിലടക്കം കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്താനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവും. സെക്രട്ടറിയേറ്റിലടക്കം കോവിഡ് വ്യാപിച്ചതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തും. 50 ശതമാനം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നതാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. കോളജുകള്‍ അടക്കണമോയെന്ന കാര്യത്തിലും യോഗം തീരുമാനം എടുക്കും. വാരാന്ത്യ ലോക്ഡൌണെന്ന നിര്‍ദേശം പരിഗണനയിലുണ്ടെങ്കിലും ഫലം ചെയ്യില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News