ഇ. ശ്രീധരന്‍റെ നിർദേശവുമായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണും; സിൽവർ ലൈനിൽ പുതിയ നീക്കവുമായി കേരളം
തൂണുകളിലും തുരങ്കങ്ങളിലൂടെയും പോകുന്ന പാതയാണ് ശ്രീധരന്‍റെ നിർദേശം


തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ റെയില്‍വേ ഉടക്ക് വെച്ചതോടെ ഇ.ശ്രീധരന്‍റെ നിര്‍ദേശം മുന്നില്‍ വെച്ച് കേരളത്തിന്‍റെ പുതിയ നീക്കം. ചര്‍ച്ചയ്ക്കായി കേന്ദ്ര റെയില്‍വേ മന്ത്രിയോട് കേരളം സമയം തേടി. മന്ത്രി വി. അബ്ദുറഹ്മാനും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കൂടിക്കാഴ്ച നടത്തുക. ശ്രീധരന്‍റെ പിന്തുണയോടെ ഡിഎം ആര്‍സിയെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോയാല്‍ കേന്ദ്രം അയയുമെന്നാണ് കേരളത്തിന്‍റെ കണക്ക് കൂട്ടല്‍.
സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ തൂണുകളിലും തുരങ്കങ്ങളിലൂടെയും കടന്ന് പോകുന്ന സെമി ഹൈ സ്പീഡ് പാതയാണ് ഇ. ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നത്. ഇത് ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കും അയച്ചിരുന്നു. കേരളവും ശ്രീധരന്‍റെ നിര്‍ദേശങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കൈമാറി. പിന്നാലെയാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കൂടിക്കാഴ്ച സാധ്യമാകുമെന്നാണ് കണക്ക് കൂട്ടല്‍.
ശ്രീധരനുമായി മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എം എബ്രഹാമും ബിജു പ്രഭാകര്‍ ഐഎഎസും ചര്‍ച്ച നടത്തിയിരുന്നു. കെ- റെയില്‍ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാന നിര്‍ദേശങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ലാത്തതാണ് ശ്രീധരന്‍റെ നിര്‍ദേശങ്ങളെന്നും സര്‍ക്കാര്‍ വിലയിരുത്തി. തൂണുകളിലും തുരങ്കങ്ങളിലൂടെയും ആയതിനാല്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട എതിര്‍പ്പ് കുറയ്ക്കാനാവും. ഡിപിആര്‍ ഉണ്ടാക്കാന്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ ഫണ്ട് കണ്ടെത്തുന്നതിനടക്കം അവരുടെ സഹായവും തേടാം. ശ്രീധരന്‍റെ പിന്തുണ കൂടിയാകുമ്പോള്‍ കേന്ദ്രം മയപ്പെടാനും സാധ്യതയുണ്ട്. ഇതോടെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായുള്ള കേരളത്തിന്‍റെ കൂടിക്കാഴ്ച നിര്‍ണായകമാവും.