കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; ഏഴ് പേർ കസ്റ്റഡിയിൽ

കാർ പണയത്തിനെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് നിഷാദിനെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി

Update: 2023-05-27 18:18 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ണപ്പംകുണ്ടിൽ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാർ പണയത്തിനെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണം. പ്രതികളുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ അർധരാത്രി 12.30ഓടെയാണ് കോഴിക്കോട് മാവൂർ റോഡിലെ ഇന്ത്യൻ കോഫി ഹൗസിന് സമീപത്തു വെച്ച് അട്ടപ്പാടി സ്വദേശിയായ നിഷാദിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. കണ്ണപ്പംകുണ്ടിലെ ഒരു മലമുകളിൽ നിന്നാണ് നിഷാദിനെയും പ്രതികളെയും പിടികൂടിയത്. എട്ടുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. ഒരാൾ പോലീസിനെ കണ്ടതിനെ തുടർന്ന് ഓടി രക്ഷപെടുകയായിരുന്നു. 

കാർ പണയത്തിനെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് നിഷാദിനെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഏഴ് ലക്ഷം രൂപ നിഷാദ് ഇവർക്ക് കൊടുക്കാനുണ്ടായിരുന്നെന്നാണ് വിവരം. 

യുവാവിനെ തട്ടിക്കൊണ്ടുപോയ വിവരം ദൃക്സാക്ഷിയാണ് പൊലീസിനെ അറിയിച്ചത്. യുവാവിനെ സംഘമായി ചേർന്ന് ആളുകൾ മർദിച്ചതായി ദൃക്‌സാക്ഷി പറഞ്ഞു.

ഹോട്ടലിൽ റൂമെടുത്ത് താമസിക്കവേ പുറത്തേക്ക് നോക്കുമ്പോൾ നാലഞ്ച് പേർ ഒരു പയ്യനെ ബിയർ കുപ്പി കൊണ്ട് അടിച്ചുവെന്നും മുണ്ട് വലിച്ചൂരി കയ്യും കാലും കെട്ടി കൊണ്ടുപോകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പയ്യൻ സെക്യൂരിറ്റിയോട് തന്നെ രക്ഷിക്കണമെന്നും അവർ തന്നെ കൊല്ലുമെന്നും പറയുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. തുടർന്ന് പൊലീസ് ഇടപെടൽ കാണാത്തതിനെ തുടർന്ന് താൻ തിരുവനന്തപുരത്തേക്ക് വിളിച്ചുപറയുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News