കുഞ്ഞിനെ തട്ടിയെടുത്തു ദത്തു നല്‍കിയ സംഭവം; പ്രതികള്‍ ഒളിവിലെന്ന് സംശയം

അതിനിടെ കേസില്‍ നോട്ടറി അഭിഭാഷകനു പിന്നാലെ അനുപമയുടെ വാദം തള്ളി ടാക്സി ഡ്രൈവറും പോലീസിന് മൊഴി നല്‍കി

Update: 2021-10-26 01:04 GMT
Editor : Nisri MK | By : Web Desk
Advertising

തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ കേസില്‍ പ്രതികള്‍ ഒളിവിലെന്ന് പോലീസ് നിഗമനം. പ്രതി ജയചന്ദ്രന്‍ അടക്കമുള്ള 6 പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ആരും വീടുകളില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. അതിനിടെ കേസില്‍ നോട്ടറി അഭിഭാഷകനു പിന്നാലെ അനുപമയുടെ വാദം തള്ളി ടാക്സി ഡ്രൈവറും പോലീസിന് മൊഴി നല്‍കി.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ കേസിലെ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കമുള്ള 6 പ്രതികളും ഒളിവിലെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ വീടുകളില്‍ ഇല്ലെന്നാണ് പോലീസ് പരിശോധനയില്‍ ബോധ്യപ്പെട്ടിരിയ്ക്കുന്നത്. ജില്ലാ കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നത് വരെ വീട്ടില്‍ നിന്ന് മാറി  നില്‍ക്കുന്നതാകാമെന്നാണ് വിലയിരുത്തല്‍.

കോടതി ഉത്തരവ് വരുന്നത് വരെ ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ട എന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്. തിങ്കളാഴ്ച അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ സാക്ഷികളുടെ മൊഴിയെടുപ്പ് തുടരുകയാണ് പോലീസ്. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതായി പറയപ്പെടുന്ന ദിവസം നെയ്യാറിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ടാക്സിയിലാണ് താനും കുടുംബവും പോയതെന്ന് അനുപമ പോലീസിനോട് പറഞ്ഞിരുന്നു. ഇതേ ടാക്സിയുടെ ഡ്രൈവറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

അനുപമയുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം എന്ന മൊഴിയാണ് ഡ്രൈവര്‍ നല്‍കിയിരിക്കുന്നത്. അനുപമയുടെ അനുമതിയോടെയാണ് കൈമാറ്റമെന്ന് നേരത്തെ നോട്ടറി അഭിഭാഷകന്‍ ഹരിലാലും പോലീസിനെ അറിയിച്ചിരുന്നു. കുടുംബ കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കേസിലെ തുടര്‍നടപടികള്‍ കരുതലോടെ മതിയെന്നാണ് പോലീസ് വിലയിരുത്തല്‍.

കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധനയ്ക്ക് കോടതി അനുമതി ലഭിച്ചാലും, കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ സമ്മതിച്ചില്ലെങ്കില്‍ നിയമക്കുരുക്കിനും സാധ്യതയുണ്ട്. ആന്ധ്രയിലാണ് ഇവരുള്ളതെന്നതിനാല്‍ ആന്ധ്ര ഹൈക്കോടതിയെയോ, കേരള ഹൈക്കോടതിയെയോ ഇവര്‍ സമീപിച്ചേക്കുമെന്ന സൂചനയും ശക്തമാണ്.അങ്ങനെയെങ്കില്‍ കുഞ്ഞിനായുള്ള നിയമപോരാട്ടം ഇനിയും ഏറെ നാള്‍ നീളും.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News