കോട്ടയത്തെ ആകാശ പാതയുടെ നിര്‍മാണത്തില്‍ നിന്നും കിറ്റ്കോയെ ഒഴിവാക്കുന്നു
ഗതാഗതമന്ത്രിയും സഹകരണ മന്ത്രിയും ജില്ല ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
കോട്ടയത്തെ ആകാശ പാതയുടെ നിര്‍മാണത്തില്‍ നിന്നും കിറ്റ്കോയെ ഒഴിവാക്കാന്‍ തീരുമാനം. ഗതാഗതമന്ത്രിയും സഹകരണ മന്ത്രിയും ജില്ല ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ വരുത്തിയ കാലതാമസം കണക്കിലെടുത്താണ് നടപടി. പുതിയ ഏജന്‍സിയെ കണ്ടെത്തി പദ്ധതി പൂര്‍ത്തിയാക്കാനാണ് പുതിയ തീരുമാനം. കാല്‍നടക്കാര്‍ക്ക് വേണ്ടിയാണ് നഗരമദ്യത്തില്‍ ആകാശ പാത നിര്‍മ്മിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ഈ സാഹചര്യത്തിലാണ് അടിയന്തരയോഗം ജില്ല ആസ്ഥാനത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്നത്. പൊളിച്ച് കളയുകയോ നിര്‍മ്മാണം പൂര്‍ത്തിയാക്കുയോ വേണമെന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം. ഒടുവില്‍ നിര്‍മ്മാണത്തില്‍ കാലതാമസം വരുത്തിയ കിറ്റ്കോയെ പദ്ധതിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു. പൊളിക്കാൻ തീരുമാനിച്ചാൽ കിറ്റ്കോയുമായി നിയമപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. ഇതിനായി ജില്ല കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ആറ് കോടി രൂപ മുടക്ക് ചെലവ് വരുന്ന പദ്ധതിയില്‍ രണ്ട് കോടിയോളം രൂപ ഇതിനോടകം മുടക്കിയിട്ടുണ്ട്. ആദ്യം ആകാശ പാതയായി പ്രഖ്യാപിച്ചത് പിന്നീട് ഗാന്ധി സ്മൃതി മണ്ഡപം ആക്കാനും തീരുമാനിച്ചിരുന്നു.