കിഫ്‌ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം എബ്രഹാം; 'ഹരജിക്കാരന് തന്നോട് ശത്രുത'
ഹരജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കെ.എം എബ്രഹാം ആരോപിക്കുന്നു.


തിരുവനന്തപുരം: കിഫ്‌ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം എബ്രഹാം. താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും കിഫ്‌ബി ജീവനക്കാർക്കുള്ള വിഷുദിന സന്ദേശത്തിൽ കെ.എം എബ്രഹാം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ കെ.എം എബ്രഹാമിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ പ്രതികരണം. ഹരജിക്കാരനെതിരെയും കെ.എം എബ്രഹാം കടുത്ത ആരോപണമുന്നയിച്ചു. ഹരജിക്കാരൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് ധനസെക്രട്ടറി ആയിരിക്കെ താൻ കണ്ടെത്തിയെന്നും അതിൽ തന്നോട് ശത്രുതയാണെന്നും എബ്രഹാം ആരോപിച്ചു. ഹരജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കെ.എം എബ്രഹാം ആരോപിക്കുന്നു.
സിഇഒ എന്ന നിലയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങളോട് തുറന്നുപറയുകയും വ്യക്തത വരുത്തുകയും ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കത്തിൽ പറയുന്നു. തന്റെ പേര് സംരക്ഷിക്കുക മാത്രമല്ല, നാമെല്ലാവരും ഒരുമിച്ച് നിലകൊള്ളുന്ന സ്ഥാപന മൂല്യങ്ങളെ പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് തന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞാണ് അദ്ദേഹം വിശദീകരണത്തിലേക്ക് കടക്കുന്നത്. കോടതി ഉത്തരവിനും വിമർശനമുണ്ട്. സ്വത്തുകൾ സംബന്ധിച്ച രേഖകൾ പരിശോധിച്ചോ എന്ന് സംശയമുണ്ടെന്ന് കത്തിൽ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ വിജിലൻസിന്റേത് ശരിയായ അന്വേഷണമല്ല എന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. കെ.എം എബ്രഹാം 2015ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന കാലത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലാണ് ഹൈക്കോടതിയെ സമീപിച്ചത്.
സിബിഐ കൊച്ചി യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്. സംസ്ഥാന വിജിലൻസ് കെ.എം എബ്രഹാമിനെതിരായ പരാതി നേരത്തെ അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയായിരുന്നു അന്വേഷണം. 2018ലാണ് ജോമോൻ പുത്തൻപുരയ്ക്കൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയത്.