രക്തസാക്ഷി നിഘണ്ടുവിൽ നിന്നുള്ള പേര് വെട്ടൽ: ചരിത്രത്തെ വര്‍ഗീയവത്കരിക്കുകയാണെന്ന് കോടിയേരി
മലബാര്‍ സമര രക്തസാക്ഷികളുടെ പേരുകള്‍ ഒഴിവാക്കിയാവും ഇന്ത്യന്‍ സ്വാതന്ത്രൃ സമര നിഘണ്ടുവിന്‍റെ (1857-1947) അഞ്ചാം വാല്യത്തിന്‍റെ പുതിയ പതിപ്പു പുറത്തിറക്കുക
മലബാർ സമര നേതാക്കളായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‍ലിയാർ ഉൾപ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള ശുപാര്‍ശയ്ക്കു ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗൺസിൽ(ഐ.സി.എച്ച്.ആര്‍) അംഗീകാരം നല്‍കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വാതന്ത്യസമര ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം മലബാര്‍ സമരത്തിനുണ്ടെന്നും ചരിത്രത്തെ വര്‍ഗിയവത്കരിക്കാനാണ് സംഘപരിവാര്‍ നീക്കമെന്നും കോടിയേരി പറഞ്ഞു. ഇന്നലെ ചേര്‍ന്ന ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗൺസിൽ ജനറല്‍ കൗൺസിൽ യോഗത്തിലാണ് രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. വിവരം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗൺസിൽ കൈമാറും. മലബാര്‍ സമര രക്തസാക്ഷികളുടെ പേരുകള്‍ ഒഴിവാക്കിയാവും ഇന്ത്യന്‍ സ്വാതന്ത്രൃ സമര നിഘണ്ടുവിന്‍റെ (1857-1947) അഞ്ചാം വാല്യത്തിന്‍റെ പുതിയ പതിപ്പു പുറത്തിറക്കുക.
ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളുടെ പേരുകൾ ഉൾപ്പെടുത്തിയാണ് നിഘണ്ടുവിന്‍റെ അഞ്ചാം ഭാഗമിറങ്ങുക. ഐ.സി.എച്ച്.ആർ ഡയറക്ടർ (റിസർച് ആൻഡ് അഡ്മിനിസ്ട്രേഷൻ) ഓംജീ ഉപാധ്യായ്, ഐ.സി.എച്ച്.ആർ അംഗവും കോട്ടയം സി.എം.എസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ. ഐസക്, ഐ.സി.എച്ച്.ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരടങ്ങിയ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണു കൗൺസിൽ പൊതുയോഗം അന്തിമാംഗീകാരം നൽകിയത്.
മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ ഉള്‍പ്പെട്ടരുതെന്ന ആവശ്യവുമായി നേരത്തെ ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി,സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകര്‍ എന്നിവര്‍ രംഗത്തുവന്നിരുന്നു. ഇതില്‍ അന്വേഷണത്തിനായി ഐ.സി.എച്ച്.ആര്‍ മൂന്നംഗ സമിതിയെ നിയമിക്കുകയും കഴിഞ്ഞ ആഗസ്റ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കോവിഡ് കാരണം നീണ്ടുപോയ ജനറല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം ഒരുമിച്ചുകൂടിയാണ് പുതിയ തീരുമാനമെടുത്തത്.
Knotting out the name from the Martyrs' Dictionary: Kodiyeri says history is being communalised