വ്യാപാരിയെ ആക്രമിച്ചു പണം തട്ടി; കൊച്ചി കോര്‍പറേഷൻ കൗൺസിലർ അറസ്റ്റിൽ
ടിബിൻ ഉൾപ്പെടെ 3 പേരാണ് പിടിയിലായത്
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർ അറസ്റ്റിൽ. ഐലന്‍ഡ് സൗത്ത് വാര്‍ഡിലെ കോൺഗ്രസ് കൗൺസിലർ ടിബിൻ ദേവസിയാണ് എളമക്കര പൊലീസിന്‍റെ പിടിയിലായത്. കൂട്ടുപ്രതികളായ ഫയാസും ഷെമീറും അറസ്റ്റിലായിട്ടുണ്ട്.
എറണാകുളത്ത് ബിസിനസ് നടത്തുന്ന കാസർകോട് സ്വദേശി കൃഷ്ണമണിയുടെ പരാതിയിൽ ആണ് റ്റിബിനെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഫയാസും കൃഷ്ണമണിയും ഒരുമിച്ച് ബിസിനസ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിലാണ് റ്റിബിൻ ഇടപ്പെട്ടത്. റ്റിബിനും സംഘവും കാറിൽ കയറ്റിക്കൊണ്ടുപോയി 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ ബാക്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിപ്പിച്ചെന്നുമാണ് പരാതി.
കൃഷ്‌ണമണിയുടെ ഭാര്യയുടെ അച്ഛനെകൊണ്ട് 20 ലക്ഷം രൂപ നൽകണമെന്ന് മുദ്രപത്രത്തിൽ ഏഴുതി ഒപ്പിട്ടു വാങ്ങിയെന്നും പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ പ്രതികൾ 2 ലക്ഷം രൂപ അക്കൗണ്ടിൽ വാങ്ങി എന്ന് കണ്ടെത്തി. വാത്തുരുത്തി ഡിവിഷനിലെ യു.ഡി.എഫ് കൗൺസിലറാണ് ടിബിൻ. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ്. 2017ൽ ഖത്തറിൽ വെച്ച് നടന്ന ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ കൃഷ്ണമണി നൽകാനുണ്ട് എന്നാണ് പ്രതികളുടെ മൊഴി.