സ്വപ്ന സുരേഷിനെതിരെയുള്ള കോഫോ പോസ ഹൈക്കോടതി റദ്ദാക്കി; എൻഐഎ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം

കൊഫേ പോസ ചുമത്താൻ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി

Update: 2021-10-08 07:05 GMT
Editor : Nisri MK | By : Web Desk
Advertising

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെയുള്ള കോഫോ പോസ ഹൈക്കോടതി റദ്ദാക്കി. കൊഫേ പോസ ചുമത്താൻ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എൻഐഎ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സ്വപ്നക്ക് പുറത്തിറങ്ങാം.

സ്വപ്ന സുരേഷിന്‍റെ അമ്മയാണ് കോഫോ പോസ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കോഫോ പോസ ചുമത്തി കരുതല്‍ തടങ്കലില്‍ വെയ്ക്കണമെങ്കില്‍ മുന്‍പ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയോ വേണമെന്നാണ്. സ്വപ്നയെ സംബന്ധിച്ച് ഇത്തരത്തില്‍ ഒരു സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് കൊഫേ പോസ റദ്ദാക്കിയത്. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്ന് തടയാൻ വിചാരണ കൂടാതെ ഒരു വർഷം കരുതൽ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിന്‍റെ പ്രത്യേകത. കോഫോ പോസ ബോ‍ർ‍ഡാണ് ഇതിന് അനുമതി നൽകേണ്ടത്.

എൻഐഎ രജിസ്റ്റര്‍ ചെയ്ത കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സ്വപ്നക്ക് പുറത്തിറങ്ങാം. എൻഐഎ കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.  ഈ ജാമ്യാപേക്ഷ അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. 

സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്‍റെ കോഫോ പോസ ഹൈക്കോടതി ശരിവച്ചു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News