സംഭരിച്ച നെല്ലിന്‍റെ പണം നൽകണമെന്ന് തൃശൂരിലെ കോൾ കർഷകർ
തുക കിട്ടിയാലേ അടുത്ത കൃഷിക്ക് തയ്യാറെടുക്കാൻ കഴിയുവെന്നും കർഷകർ പറയുന്നു
തൃശൂര്‍: സംഭരിച്ച നെല്ലിന്‍റെ പണം നൽകണമെന്നാവശ്യവുമായി തൃശൂരിലെ കോൾ കർഷകർ. നെല്ലിന്‍റെ താങ്ങുവില ഒരു രൂപ കുറച്ച സംസ്ഥാന സർക്കാർ, ആ പണമെങ്കിലും തന്ന് തീർക്കണമെന്നാണ് ആവശ്യം.തുക കിട്ടിയാലേ അടുത്ത കൃഷിക്ക് തയ്യാറെടുക്കാൻ കഴിയുവെന്നും കർഷകർ പറയുന്നു.
കഴിഞ്ഞ തവണ കൊയ്ത നെല്ല് കയറ്റി പോയി. സാധാരണ 15 ദിവസം കഴിഞ്ഞാൽ വിറ്റ നെല്ലിന്‍റെ തുക കിട്ടിയിരുന്നതാണ്. പക്ഷെ ഇത്തവണ മാസങ്ങൾ കഴിഞ്ഞിട്ടും മറുപടി ഇല്ല. ആ തുക കിട്ടിയിട്ട് വേണം പാടമൊരുക്കൽ ഉൾപ്പടെയുള്ള പണി പൂർത്തിയാക്കാൻ.
കടുത്ത അനീതിയാണ് സംസ്ഥാന സർക്കാർ നെൽ കർഷകരോട് കാണിക്കുന്നതെന്ന് കർഷകർ പറയുന്നു. സംഭരിച്ച നെല്ലിന്‍റെ വില ഉടൻ ലഭ്യമാക്കുക, വെട്ടികുറച്ച ഇൻസെന്‍റീവ് പുൻസ്ഥാപിക്കുക, നെല്ലിന് കിലോക്ക് 35 രൂപ വില നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ സമരം.