'ജോളിയെ പരിചയപ്പെട്ടത് എൻ.ഐ.ടി പ്രൊഫസറെന്ന് പറഞ്ഞ്' ; മൊഴി നല്‍കി ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ

പൊന്നാമറ്റത്തെത്തി ജോളിയെ കണ്ടെന്നും റോയ് തോമസ് മരിച്ചതിന്റ വിഷമമൊന്നുമില്ലാതെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതാണ് കണ്ടതെന്നും ജയശ്രീവാര്യരുടെ മൊഴിയിലുണ്ട്

Update: 2023-04-14 01:16 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്:  കൂടത്തായി കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് എൻ.ഐ.ടി പ്രൊഫസറാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടതെന്ന് ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ ജയശ്രീ വാര്യരുടെ മൊഴി. ഭൂമിയ്ക്ക് നികുതി സ്വീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ജോളി ആവശ്യപ്പെട്ടത് പ്രകാരം കൂടത്തായി വില്ലേജ് ഓഫിസറോട് ആവശ്യപ്പെട്ടതായും ഇവർ മൊഴി നൽകി. ജോളി എൻഐടി പ്രൊഫസറാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെന്ന് മറ്റ് സാക്ഷികളും മൊഴി നൽകി.

തഹസിൽദാർ ജയശ്രീ വാര്യരും ബ്യൂട്ടി പാർലർ ഉടമ സുലേഖയും എൻ.ഐ.ടി ജീവനക്കാരുമാണ് അവിടുത്തെ ജീവനക്കാരിയാണ് എന്ന് പറഞ്ഞാണ് ജോളി പരിചയപ്പെട്ടതെന്ന് മൊഴി നൽകിയത്. ജോളി അടുത്ത പരിചയം സ്ഥാപിച്ചതും എൻ.ഐ.ടി ക്യാമ്പസിൽ ഒരു ചടങ്ങിനിടെ കണ്ട് ഒരുമിച്ച് ചായകുടിച്ച കാര്യവും ജയശ്രീ വാര്യർ മൊഴിയിൽ പറയുന്നു. റോയ് തോമസ് മരിച്ചപ്പോൾ നികുതി അടക്കുന്നത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ജോളി ആവശ്യപ്പെട്ടു. ഇക്കാര്യം വില്ലേജ് ഓഫീസറെ വിളിച്ച് പറഞ്ഞിരുന്നെന്നും തഹസിൽദാർ ആയിരുന്ന ജയശ്രീവാര്യർ മൊഴി നൽകി. ഹൃദയാഘാതം വന്ന് റോയ് തോമസ് മരിച്ചെന്ന് അറിയിച്ചത് ജോളിയാണ്.

പൊന്നാമറ്റത്തെത്തി ജോളിയെ കണ്ടെന്നും മരിച്ചതിന്റ വിഷമമൊന്നുമില്ലാതെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതാണ് കണ്ടതെന്നും ജയശ്രീവാര്യരുടെ മൊഴിയിലുണ്ട്. എൻ.ഐ.ടിയുടെ അടുത്തുള്ള ബ്യൂട്ടിപാർലറിൽ ജോളി വരാറുണ്ടായിരുന്നെന്ന് ഉടമ സുലേഖയും മൊഴി നൽകി. പ്രൊഫസറെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. എൻ.ഐ.ടി ക്യാമ്പസിനകത്ത് ജോളി വരാറുണ്ടായിരുന്ന കാര്യം അവിടുത്തെ ജീവനക്കാരും കഴിഞ്ഞദിവസം കോടതിയിൽ മൊഴി നൽകി. അധികാരവും സ്വാധീനവുമുള്ള ആളുകളുമായി സൗഹൃദമുണ്ടാക്കാൻ ഈ വ്യാജ മേൽവിലാസം ഉപയോഗിച്ചെനന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് സാക്ഷി മൊഴികളും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News