മാവേലി എക്‌സ്പ്രസില്‍ മര്‍ദനമേറ്റയാള്‍ സ്ത്രീപീഡനക്കേസില്‍ പ്രതി
കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പൊന്നന്‍ ഷമീറിനാണ് കഴിഞ്ഞ ദിവസം ട്രെയിനില്‍ പൊലീസ് മര്‍ദനമേറ്റത്
മാവേലി എക്‌സ്പ്രസില്‍ മര്‍ദനമേറ്റ ആളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പൊന്നന്‍ ഷമീറിനാണ് മര്‍ദനമേറ്റത്. സ്ത്രീപീഡനമടക്കം മൂന്ന് കേസുകളില്‍ പ്രതിയാണിയാള്‍. ഷമീറിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന തലശ്ശേരിയിലെ ഒരു അഭിഭാഷകനാണ് മര്‍ദനമേറ്റയാള്‍ ഷെമീറാണെന്ന സംശയം പ്രകടിപ്പിച്ചത്.
കണ്ണൂര്‍ റെയില്‍വെ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി കൂത്തുപറമ്പ് നീര്‍വേലിയിലെ വീട്ടിലേക്ക് പുറപ്പെട്ടു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഷെമീറിന്റെ സഹോദരി വീഡിയോയിലുള്ളത് ഷെമീറാണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ മൂന്ന് മാസം മുന്‍പാണ് വീട്ടില്‍ എത്തിയതെന്നും കുടുംബാംഗങ്ങളുമായി അകന്നു ജീവിക്കുന്ന ആളാണെന്നും സഹോദരി പറഞ്ഞു.
മോഷണക്കേസുകളിലടക്കം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാാള്‍ നിലവില്‍ എവടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ സംഭവത്തില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മര്‍ദനമേറ്റയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നതായും ടി.ടി.ഇ പറഞ്ഞതനുസരിച്ചാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം പൊലീസിന് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.