കോട്ടക്കൽ നഗരസഭ: മുസ്‌ലിം ലീഗിൽ സമവായം; സി.പി.എം പിന്തുണയോടെ വിജയിച്ചവർ രാജിവെക്കും
വിഭാഗീയത ശക്തമായ മുസ്‌ലിം ലീഗ് കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റി പിരിച്ചുവിട്ടു.
കോട്ടക്കൽ: മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരസഭയിലെ വിഭാഗീയതയിൽ മുസ്‌ലിം ലീഗിൽ സമവായം. സി.പി.എം പിന്തുണയോടെ വിജയിച്ച നഗരസഭാ ചെയർപേഴ്‌സണും , വൈസ് ചെയർമാനും രാജിവെക്കും. വിഭാഗീയത ശക്തമായ മുസ്‌ലിം ലീഗ് കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റി പിരിച്ചുവിട്ടു.
മുസ്‌ലിം ലീഗിന്റെ കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റിയിൽ കടുത്ത വിഭാഗീയതയാണ് നിലനിൽക്കുന്നത്. നഗരസഭാ ചെയർപേഴ്‌സണായിരുന്ന ബുഷ്‌റ ഷബീർ രാജിവെച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. പിന്നീട് നടന്ന ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ ലീഗ് വിമത മുഹ്‌സിന പൂവൻ മഠത്തിലും, വൈസ് ചെയർമാൻ പി.പി ഉമ്മറും തെരഞ്ഞെടുക്കപെട്ടു. സി.പി.എം പിന്തുണയോടെ ലീഗ് വിമതർ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരുമായി.
ലീഗ് നേതൃത്വം വിമതരുമായി ചർച്ച നടത്തിയാണ് സമവായത്തിലെത്തിയത്. മുൻസിപ്പൽ കമ്മറ്റി പിരിച്ചുവിടണമെന്ന ആവശ്യം നേതൃത്വം അംഗീകരിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണി കൺവീനറായ അഡ്‌ഹോക്ക് കമ്മറ്റി നിലവിൽ വന്നു. സി.പി.എം പിന്തുണയോടെ നേടിയ സ്ഥാപനങ്ങൾ രാജിവെക്കാമെന്ന് വിമതർ ഉറപ്പുനൽകി. നിലവിൽ 20 യു.ഡി.എഫ് അംഗങ്ങളും, ഒമ്പത് എൽ.ഡി.എഫ് അംഗങ്ങളും, രണ്ട് ബി.ജെ.പി മെമ്പർമാരുമാണ് ഉള്ളത്. തർക്കങ്ങൾ പരിഹരിച്ചതിനാൽ ഇനി നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ കോട്ടക്കൽ നഗരസഭ ഭരണം തിരിച്ച് പിടിക്കാൻ കഴിയുമെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ.