മുന്നണി മാറ്റം തിരിച്ചടിയാകില്ലെന്ന് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ
കഴിഞ്ഞ തവണ മന്ത്രി വി എൻ വാസവനെ തോൽപ്പിച്ചാണ് ചാഴികാടൻ ജയിച്ചത്
കോട്ടയം: മുന്നണി മാറ്റം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. കേരള കോൺഗ്രസ് എം, എൽ ഡി എഫിൽ എത്തിയശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ മുന്നണിക്ക് വൻ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും ചാഴിക്കാടൻ ചൂണ്ടിക്കാട്ടി.
മുഴുവൻ സീറ്റുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. കോട്ടയത്ത് ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കേരള കോൺഗ്രസ് എം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി കഴിഞ്ഞു.
സ്ഥാനാർഥി തോമസ് ചാഴികാടൻ സ്വകാര്യ സന്ദർശനങ്ങളിലും ചടങ്ങുകളിലും പങ്കെടുത്ത് വോട്ട് അഭ്യർത്ഥിച്ചു തുടങ്ങി. കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ച ചാഴിക്കാടൻ കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തിലൂടെ എൽഡിഎഫിന്റെ ഭാഗമായി. കഴിഞ്ഞ തവണ മന്ത്രി വി എൻ വാസവനെ തോൽപ്പിച്ച ചാഴികാടനോട് സിപിഎം അണികൾക്കിടയിൽ പ്രതിഷേധം ഉണ്ടാകുമെന്ന് മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി എം മാത്യു അടക്കം വിമർശിച്ചിരുന്നു.
എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു.കോട്ടയത്തെത്തിയ എംവി ഗോവിന്ദനുമായി തോമസ് ചാഴികാടൻ 10 മിനിറ്റ് കൂടിക്കാഴ്ച നടത്തി. ചുവരെഴുത്തും പോസ്റ്റർ, സോഷ്യൽ മീഡിയ പ്രചാരണവും കോട്ടയം മണ്ഡലത്തിൽ എൽഡിഎഫ് തുടങ്ങിക്കഴിഞ്ഞു.