കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
ബാങ്കിന്‍റെ ജപ്തി ഭീഷണി കാരണമുള്ള ആത്മഹത്യയാണെന്നും ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നുമായിരുന്നു നോട്ടീസിലെ ആവശ്യം.
സഹകരണ ബാങ്കിന്‍റെ ഭീഷണിയെ തുടർന്നാണ് കോട്ടയത്ത് ഇരട്ട സഹോദരന്മാർ ആത്മഹത്യ ചെയ്തതെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ നിർഭാഗ്യകരമാണെന്നും ആത്മഹത്യക്ക് കാരണമെന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപോയി.
കോട്ടയം കടുവാക്കുളത്ത് കൊച്ചുപറമ്പിൽ ഫാത്തിമാബീവിയുടെ മക്കളായ നിസാർ ഖാൻ, നസീർ ഖാൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികബാധ്യതയാണ് ആത്മഹത്യക്ക് കാരണം. 2019 മേയ് രണ്ടിന് കോട്ടയം സഹകരണ അർബൻ ബാങ്ക് മണിപ്പുഴ ശാഖയിൽനിന്ന് ഭവനവായ്പയെടുത്തിരുന്നു. കോവിഡ് പ്രതിസന്ധി കാരണം വായ്പ തിരിച്ചടക്കാനായില്ല. ഇതോടു കൂടി ബാങ്ക് നടപടികളിലേക്ക് നീങ്ങുകയും ഇതില്‍ മനംനൊന്ത് സഹോദരങ്ങള്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ പറഞ്ഞത്.
എന്നാല്‍, പ്രതിപക്ഷത്തിന്‍റെ വാദങ്ങളെ സഹകരണമന്ത്രി പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. സഹോദരങ്ങള്‍ 13 ലക്ഷം വായ്പയെടുത്തു. തിരിച്ചടവു മുടങ്ങിയാല്‍ സർഫാസി നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടതാണെങ്കിലും ബാങ്ക് അത്തരം നടപടികളിലേക്ക് കടന്നിട്ടില്ല. സഹോദരങ്ങളുടെ മരണ കാരണം പൊലീസ് പരിശോധിക്കുന്നുണ്ട് അതിനു ശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.
അതേസമയം, കോട്ടയത്തെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അടച്ചിടൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി, പതിനായിരക്കണക്കിന് റിക്കവറി നോട്ടീസുകളാണ് സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പ്രവഹിക്കുന്നത്. പ്രതിപക്ഷം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. കണ്ണും കാതുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.