കോട്ടയത്ത് നിന്ന് കാണാതായ ഒമ്പത് പെൺകുട്ടികളെയും കണ്ടെത്തി
എറണാകുളം കൂത്താട്ടുകുളത്ത് നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്
കോട്ടയം: മാങ്ങാനത്ത് ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ ഒമ്പത് പെൺകുട്ടികളെയും കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.
ശിശു വികസ വകുപ്പിന് കീഴിലുള്ള മാങ്ങാനത്തെ വുമൺ ആന്റ് ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കുട്ടികള്‍ ചാടിപ്പോയത്. രാവിലെ ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് ഒമ്പത് പെൺകുട്ടികൾ കാണാനില്ലെന്ന വിവരം അറിയുന്നത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ ബസ്സ് സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലുമെല്ലാം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരെ കണ്ടെത്താൻ പോലീസിന് സാധിച്ചു. ഒരു കുട്ടിയുടെ കൂത്താട്ടുകുളും ഇലഞ്ഞിയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് ഒമ്പത് പേരെയും കണ്ടെത്തിയത്. ഇവരെ ഉടൻതന്നെ കോട്ടയത്ത് എത്തിക്കും. കുട്ടികളെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മഹിള സമഖ്യ സൊസൈറ്റിയാണ് ഷെൽട്ടർ നടത്തുന്നത്. സ്ഥിരമായി ഇവിടെ ബഹളം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ട് ദിവസം മുമ്പും സമാനമായ പ്രശ്നം ഉണ്ടായിരുന്നു.
ഞായറാഴ്ച ആയതിനാൽ ജീവനക്കാർ കുറവായിരുന്നു എന്നാണ് ഇവിടെയുള്ളവർ പറയുന്നത്. മാസങ്ങൾക്ക് മുമ്പും ഇവിടെ നിന്ന് കുട്ടികൾ ചാടിപ്പോകുകയും ഇവരെ പോലീസ് കണ്ടെത്തി തിരിച്ച് കൊണ്ടുവരുകയും ചെയ്തിരുന്നു.