കോവളം സംഭവം: എസ്.ഐക്കെതിരെ നടപടി, വിദേശ പൗരന്‍റെ വീട് മന്ത്രി സന്ദര്‍ശിക്കും
സംഭവത്തിൽ വളരെ ദുഃഖമുണ്ടെന്ന് സ്വീഡിഷ് പൗരൻ സ്റ്റീഫൻ മീഡിയവണിനോട്
കോവളത്ത് വിദേശ പൗരന്‍റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും മറ്റു പൊലീസുകാരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ പൊലീസില്‍ നിന്നും മോശം അനുഭവം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫന്‍റെ വീട് ടൂറിസം മന്ത്രി സന്ദർശിക്കും. സംഭവത്തിൽ വളരെ ദുഃഖമുണ്ടെന്ന് സ്വീഡിഷ് പൗരൻ സ്റ്റീഫൻ പ്രതികരിച്ചു. ഇത്തരം അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ഇതിനോടകം താൻ ഒരുപാട് അനുഭവിച്ചതായും സ്റ്റീഫന്‍ മീഡിയവണിനോട് പറഞ്ഞു.
താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയാണ് സ്റ്റീഫന്‍റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞത്. പൊലീസ് പരിശോധനക്കിടെയാണ് സംഭവം. പൊലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിന്‍റെ ബില്ല് ചോദിക്കുകയായിരുന്നു. കടയിൽ നിന്ന് ബിൽ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടർന്ന് മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനാവുകയുമായിരുന്നു. മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്‍റെ മറുപടി. ഇതിനിടെ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പൊലീസുകാരന്‍, ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.