ബാങ്ക് കറൻസി നീക്കത്തിൽ സുരക്ഷാ വീഴ്ച്ച; കോഴിക്കോട് അസി. കമ്മീഷണർക്ക് സസ്പെൻഷൻ
750 കോടി രൂപ റിസർവ് ബാങ്കിന്റെ ചട്ടം ലംഘിച്ച് കൊണ്ടുപോയതിലാണ് നടപടി.
കോഴിക്കോട്: ബാങ്ക് കറൻസി നീക്കത്തിന് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച്ച വരുത്തിയതിന് കോഴിക്കോട് അസി. കമ്മീഷണർക്ക് സസ്പെൻഷൻ. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) അസിസ്റ്റന്റ് കമ്മീഷണർ ടി.പി ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്.
750 കോടി രൂപ റിസർവ് ബാങ്കിന്റെ ചട്ടം ലംഘിച്ച് കൊണ്ടുപോയതിലാണ് നടപടി. ക്യാഷ് എസ്കോർട്ട് ഡ്യൂട്ടിയിൽ ചട്ടങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് സസ്പെൻഷൻ. മൈസൂർ മുതൽ തെലങ്കാന വരെയുള്ള ബാങ്ക് കറൻസി നീക്കത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്.
യൂണിഫോം ധരിച്ചില്ല, സർവീസ് പിസ്റ്റൾ കൈവശം സൂക്ഷിച്ചില്ല, പണം നിറച്ച ട്രക്കുമായി യാത്ര ചെയ്യുമ്പോൾ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കിയ വാഹനത്തിൽ യാത്ര ചെയ്തു, സുരക്ഷാവീഴ്ച, കടുത്ത കൃത്യവിലോപം, അച്ചടക്ക ലംഘനം, ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീജിത്തിനെതിരെ കണ്ടെത്തിയത്. ഇതേ തുടർന്നാണ് നടപടി.