അഞ്ചു മാസത്തിനിടെ അഞ്ചുകോടി നഷ്ടം; കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ ദുരിതത്തില്‍
ബാങ്ക് വായ്പയും കടവാടകയും തുടങ്ങി ദൈനംദിന ചിലവുകള്‍ക്കുവരെ ബുദ്ധിമുട്ടുകയാണ് കച്ചവടക്കാർ.
കോവിഡ് വ്യാപനത്തെ തുടർന്ന് ടി.പി.ആർ അടിസ്ഥാനമാക്കി നിയന്ത്രങ്ങൾ കടുപ്പിച്ചതോടെ സംസ്ഥാനത്ത് കച്ചവടക്കാർ വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. പ്രധാനപ്പെട്ട പല സീസണുകളും നിയന്ത്രണങ്ങൾ വന്നതോടെ നഷ്ടപ്പെട്ടു. കോഴിക്കോട് മിഠായിതെരുവില്‍ അഞ്ചു മാസത്തിനിടയിൽ അഞ്ചു കോടിയുടെ നഷ്ടമാണുണ്ടായത്. പത്തു കോടിയുടെ സാധനങ്ങളും കെട്ടികിടക്കുന്നുണ്ട്.
ബാങ്ക് വായ്പയും കടവാടകയും തുടങ്ങി ദൈനംദിന ചിലവുകള്‍ക്കുവരെ ബുദ്ധിമുട്ടുകയാണ് കച്ചവടക്കാർ. കോഴിക്കോട്ടെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായി തെരുവിലെ 1500ഓളം വരുന്ന വ്യാപാര കേന്ദ്രങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. ഈ വ്യാപാരകേന്ദ്രത്തെ ആശ്രയിച്ച് കഴിയുന്നത് അയ്യായിരത്തോളം കുടുംബങ്ങളാണ്.
എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറക്കാൻ ശ്രമിച്ച വ്യാപാരികളെ പൊലീസ് ഇടപെട്ടാണ് നീക്കിയത്. കോഴിക്കോട് നഗരം സി കാറ്റഗറിയിലാണ്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഇവിടെ തുറക്കാൻ അനുമതി. അതേസമയം, സാധാരണഗതിയില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ വലിയ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് വ്യാപാരികളുടെ തീരുമാനം.