തിരിഞ്ഞോടിയ ചരിത്രം ലീഗിനില്ല; പിണറായിക്ക് മുട്ടു മടക്കേണ്ടിവരും- കെ.പി.എ മജീദ്
മുസ്ലീം ലീഗ് പോർമുഖത്താണ്, ഉടുക്കുകൊട്ടി പേടിപ്പിക്കാമെന്ന് കരുതണ്ട
കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് കെ.പി.എ മജീദ് രംഗത്ത്. ഭാഷാ സമര പോരാട്ടത്തിന്റെ ഇടനെഞ്ചിലേക്ക് വെടിയേറ്റുവാങ്ങിയവരാണ് ഞങ്ങൾ. പിന്തിരിഞ്ഞ് ഓടിയിട്ടില്ല. അന്ന് ആറായിരം പേർക്കെതിരെയായിരുന്നു കേസ്. നായനാരുടെ പൊലീസിന്റെ തോക്കിന് മുമ്പിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണെന്നും മജീദ് പറഞ്ഞു. മുസ്ലിംലീഗ് ഒരു പോർമുഖത്താണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. പിണറായിക്ക് മുട്ട് മടക്കേണ്ടി വരും. പിന്തിരിഞ്ഞോടേണ്ടി വരുമെന്നും മജീദ് ഫേസ് ബുക്കിൽ കുറിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്ന കാരണത്താൽ വഖഫ് സംരക്ഷണ റാലി നടത്തിയ മുസ്ലീം ലീഗ് നേതാക്കളടക്കം പതിനായിരം പേർക്കെതിരെയായിരുന്നു വെള്ളയിൽ പൊലീസ് കേസെടുത്തത്. ഇതിനെതിരെ ലീഗിന്റെ വിവിധ നേതാക്കൾ സർക്കാറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപട്ടികയിൽ ആദ്യപേര് തന്റേതെഴുതണമെന്നായിരുന്നു ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചത്. സർക്കാർ ചുമത്തുന്ന കേസുകൾക്ക് പുല്ലുവിലയാണ് യു.ഡി.എഫിനെന്നാണ് കെ.മുരളീധരൻ പ്രതികരിച്ചത്. പൊലീസിന്റെ റൂട്ട് പ്രകാരമായിരുന്നു റാലി നടത്തിയതെന്ന് എം.കെ മുനീറും പ്രതികരിച്ചു.