ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം കസ്റ്റഡിയിൽ
ബാങ്ക് മുൻ സെക്രട്ടറി രമ ദേവിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പുകേസിൽ പരാതിക്കാരൻ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നടപടി
വയനാട്: പുൽപ്പള്ളിയിലെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം കസ്റ്റഡിയിൽ. ബാങ്ക് മുൻ പ്രസിഡന്റാണ് കെ.കെ എബ്രഹാം. ബാങ്ക് മുൻ സെക്രട്ടറി രമ ദേവിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പുകേസിൽ പരാതിക്കാരൻ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നടപടി. ഇന്ന് പുലർച്ചെ ഒരുമണയോടുകൂടിയാണ് കെ.കെ എബ്രഹാമിനെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി 10 മണിയോടെ കാണാതായ രാജേന്ദ്രൻ നായരെ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെമ്പകമൂല കിഴക്കേഇടയിലത്ത് രാജേന്ദ്രൻ നായരെയാണ് അയൽവാസിയുടെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 73,000രൂപ വായ്പയെടുത്ത രാജേന്ദ്രൻ നായരുടെപേരിൽ 40 ലക്ഷം കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകൾ പറയുന്നത്. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തതായും 40 ലക്ഷം രൂപ കുടിശികയുണ്ടെന്നും ബാങ്ക് രേഖകളിലുണ്ട്. എന്നാൽ 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്ന് രാജേന്ദ്രൻ നായർ പറഞ്ഞിരുന്നു.
ബാങ്കിലെ വിവാദമായ വായ്പാ തട്ടിപ്പിനിരയാണ് രാജേന്ദ്രൻ നായരെന്ന് നാട്ടുകാർ പറയുന്നു. തന്റെ പേരിൽ വൻതുക ബാധ്യതയുണ്ടെന്നു അറിഞ്ഞതുമുതൽ ഇദ്ദേഹം മനോവിഷമത്തിലായിരുന്നു. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത 38 പേർ തട്ടിപ്പിനിരയായതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് ഭരണസമിതിയിലുള്ള ബാങ്ക് ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനിടെയാണ് ഇരകളിലൊരാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വായ്പ വിതരണത്തിൽ നടന്ന ക്രമക്കേടുകൾക്കെതിരേ ജനകീയ സമര സമിതി നടത്തിയ പ്രക്ഷോഭങ്ങളിൽ രാജേന്ദ്രൻ നായർ സജീവമായിരുന്നു.