ആർ.എസ്.എസ് പേജ് ഫോളോ ചെയ്ത് കെ.എസ്.ഇ.ബി; വിവാദമായതോടെ പിൻവലിച്ചു
കഴിഞ്ഞ മാസം 31ന് തിരുവനന്തപുരത്ത് നടന്ന 'കെ.എസ്.ഇ.ബി@65' പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തത് സംഘ്പരിവാർ അനുഭാവിയായ ശ്രീ എം ആയിരുന്നു
തിരുവനന്തപുരം: ആർ.എസ്.എസ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത് കേരള വൈദ്യുതി ബോർഡ്. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക വെരിഫൈഡ് പേജാണ് ആർ.എസ്.എസ് ദേശീയ പേജ് പിന്തുടർന്നത്. എന്നാൽ, വിവാദമായതോടെ ഇത് പിൻവലിച്ചിട്ടുണ്ട്.
സി.പി.എം അനുഭാവികൾ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇടത് അനുഭാവിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷിനോയ് ചന്ദ്രനാണ് സ്‌ക്രീൻഷോട്ട് സഹിതം കെ.എസ്.ഇ.ബി ആർ.എസ്.എസ് പേജ് ഫോളോ ചെയ്യുന്ന കാര്യം ഉയർത്തിക്കൊണ്ടുവന്നത്. ഷിനോയ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽനിന്ന്:
''ഇത് കെ.എസ്.ഇ.ബിയുടെ ഒഫിഷ്യൽ പേജാണ്. അതിൽ പോയാൽ 31 പേജുകളെ/പ്രൊഫൈലുകളെ വെരിഫൈഡ് ഐ.ഡി ആയ കെ.എസ്.ഇ.ബി പ്രൊഫൈൽ ഫോളോ ചെയ്യുന്നത് കാണാം. ഫോളോ ചെയ്യുന്ന ഒരു പേജ് കണ്ടപ്പോൾ സത്യത്തിൽ ഞെട്ടി. ആർ.എസ്.എസിന്റെ ഒഫിഷ്യൽ പേജാണ് നമ്മളുടെ കെ.എസ്.ഇ.ബി പബ്ലിക് ആയി ഫോളോ ചെയ്യുന്നത്. ഇതിന് ആരാണ് ഉത്തരവാദി? സി.എം.ഡി ഡയറക്ട് ആണോ പേജ് കൈകാര്യം ചെയ്യുന്നത്?''
എന്നാൽ, പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ഫോളോ പിൻവലിക്കുകയായിരുന്നു. നേരത്തെ ഫോളോ ചെയ്തിരുന്ന 31 പേരുടെ പട്ടിക ഏഴാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.
കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോകും ഇടത് സംഘടനാ നേതാക്കളും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ വിവാദം. കഴിഞ്ഞ മാസം 31ന് തിരുവനന്തപുരത്ത് നടന്ന 'കെ.എസ്.ഇ.ബി@65' പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തത് സംഘ്പരിവാർ അനുഭാവിയായ ശ്രീ എം ആയിരുന്നു. ഇതിനെതിരെയും വലിയ തോതിലുള്ള വിമർശമുയർന്നിരുന്നു.
Summary: KSEB follows RSS page, later withdrawn after controversy