ബില്ലിന്റെ പേരിൽ തട്ടിപ്പ്; കെഎസ്ഇബി ലൈൻമാൻ തട്ടിയെടുത്തത് 39,800 രൂപ
തിരിമറി പുറത്തുവന്നത് അസി.എൻജിനീയർ നടത്തിയ പരിശോധനയിൽ
തിരുവനന്തപുരം: ഉപഭോക്താക്കളുടെ ബില്ലടയ്ക്കാം എന്ന് പറഞ്ഞ് പണം വാങ്ങി കെഎസ്ഇബി ലൈന്‍മാൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. തിരുവനന്തപുരം മലയിന്‍കീഴ് സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ എം.ജെ അനില്‍കുമാറാണ് തട്ടിപ്പ് നടത്തിയത്. വരുമാനത്തില്‍ ഇടിവ് വന്നതോടെ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
40 പേരില്‍ നിന്നായി 39,800 രൂപയാണ് അനില്‍ കുമാര്‍ ബില്ലടച്ചു നല്‍കാമെന്ന വ്യാജേന വാങ്ങിയത്. ബില്ലടച്ചതുമില്ല, പകരം ബില്ലടക്കാത്തതിന് ഇവരുടെയെല്ലാം വൈദ്യുതി വിച്ഛേദിച്ചു എന്ന റിപ്പോര്‍ട്ടാണ് സെക്ഷന്‍ ഓഫീസില്‍ നല്‍കിയത്. 99.8 ശതമാനവും ബില്ല് തുക പിരിഞ്ഞ് കിട്ടുന്ന ഓഫീസാണ് മലയിന്‍കീഴ്. പെട്ടെന്ന് ഗാര്‍ഹിക ഉപഭോക്താക്കളുടെ വരുമാനത്തിലെ കുറവ് ശ്രദ്ധയില്‍പെട്ട അസിസ്റ്റന്‍റ് എന്‍ജിനീയര്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടുപിടിച്ചത്. തുടര്‍ന്ന് ഉപഭോക്താക്കളില്‍ ആറു പേര്‍ പരാതി നല്‍കി.
തട്ടിപ്പ് പുറത്തായതോടെ ഉപഭോക്താക്കളുടെ ബില്‍ അനില്‍കുമാര്‍ തന്നെ അടച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ പേയാട് സെക്ഷന്‍ ഓഫീസിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനില്‍ കുമാറിന് കെഎസ്ഇബി കാട്ടാക്കട സര്‍ക്കിള്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.