കോന്നിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് - വീഡിയോ
ഗുരുതരമായി പരിക്കേറ്റ 18 പേരെ കോന്നി മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു
പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് ക്രൈസ്തവ ദേവാലയത്തിന്റെ ഗോപുരത്തിലിടിച്ച് മുൻവശം പൂർണമായും തകർന്നു. ബസിന് മുകളിലേക്ക് കമാനം പൊട്ടി വീണത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. ഉച്ചയ്ക്കു രണ്ടു മണിയോടു കൂടിയാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ബസ്സിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ഫയർഫോഴ്സും പൊലീസും വ്യക്തമാക്കി.
പരിക്കേറ്റ 18 പേരെ കോന്നി മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ അജയകുമാറിന്‍റെ കാലുകള്‍ ഒടിഞ്ഞതായാണ് വിവരം. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ബസ്സിൽ ആളുകൾ കുറവായിരുന്നത് വലിയ അപകടം ഒഴിവാക്കി.
പത്തനംത്തിട്ടയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി ബസ്സാണ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് അമിതവേഗത്തിൽ തെറ്റായ ദിശയിൽ കയറി വന്നതാണ് അപകടകാരണമെന്നും സി.സി.ടി.വി ദൃശ്യങ്ങശിൽ നിന്ന് വ്യക്തമാണ്.