ഉറക്കം ഒഴിച്ച് കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം; കാണാതായ യുവതിയേയും കുഞ്ഞിനേയും മണിക്കൂറുകൾക്കകം കണ്ടെത്തി

മൂന്നാഴ്ച മുൻപ് അടിമാലിയിൽ നിന്നും കാണാതായ കുട്ടിയെ കെ.എസ്.ആർ.ടി.സി ജീവനക്കാർ കണ്ടെത്തിയിരുന്നു

Update: 2022-07-21 16:42 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: കാണാതായ യുവതിയെയും കുഞ്ഞിനെയും മണിക്കൂറുകൾക്കകം കണ്ടെത്തി കെ.എസ്.ആർ.ടി.സി ജീവനക്കാർ. ജൂലൈ 19ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ 22 വയസ്സുള്ള യുവതിയേയും 45 ദിവസം പ്രായമുള്ള കുഞ്ഞിനെയും കാണാതായത്. ഇതു സംബന്ധിച്ച് ജൂലൈ 20 ന് പുലർച്ചെ രണ്ട് മണിക്കാണ് കെഎസ്ആർടിസി കൺട്രോൾ റൂമിൽ കൊച്ചി സിറ്റി പോലീസിന്റെ സന്ദേശം ലഭിക്കുന്നത്. വൈറ്റില ഹബ്ബിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ യുവതിയും കുഞ്ഞും കയറിയതായി സംശയമുണ്ടെന്നായിരുന്നു സന്ദേശം. കെഎസ്ആർടിയിലെ കൺട്രോൾ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർമാരായ സ്മിത എസും, സഹപ്രവർത്തകരായ മിഥുൻ രാജ് എം.ആർ ജോൺസൺ പി ജോസഫ്, രശ്മി ആർ.എസ്. നായർ എന്നിവർ നടത്തിയ കൃത്യമായ ഇടപെടലാണ് രാവിലെ ഏഴരയോടെ അമ്മയേയും കുഞ്ഞിനേയും കണ്ടെത്താൻ സഹായിച്ചത്.

കൊച്ചി പോലീസിൽ നിന്നുമുള്ള സന്ദേശത്തെ തുടർന്ന് വൈറ്റില സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. അവിടെ നിന്നും ഇവരെ കണ്ടതായുള്ള സൂചന ലഭിച്ചു. തുടർന്ന് ആ സമയം അത് വഴി കടന്ന് പോയ ബസുകളുടെ വിവരം ശേഖരിച്ച് ഒസിസിയിൽ നിന്നും റിസർവേഷൻ ചാർട്ട് പരിശോധിച്ച് ബസുകളിലെ കണ്ടക്ടർമാരുടെ നമ്പർ ശേഖരിച്ചു കൺട്രോൾ റൂം ജീവനക്കാർ അന്വേഷണം നടത്തി. അവിടെ നിന്നൊന്നും ഇവരെ കണ്ടതായി ആരും പറഞ്ഞില്ല. തുടർന്ന് ആറര മണിയോടെ കൊച്ചി പോലീസ് വീണ്ടും കൺട്രോൾ റൂമിലേക്ക് സന്ദേശം കൈമാറി. അമ്മയും കുഞ്ഞും കൊല്ലം ഭാഗത്ത് ഉണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നു.

തുടർന്ന് 6 മണിക്കും 7 മണിക്കും ഇടയിൽ കൊല്ലം വഴി തൃശൂർ ഭാഗത്തേക്ക് കടന്നുപോയ എല്ലാ ബസ്സുകളുടെയും വിവരങ്ങൾ ശേഖരിച്ച്, കൺട്രോൾ റൂമിൽ നിന്ന് നൽകിയ നിർദേശമനുസരിച്ച് ജീവനക്കാർ നടത്തിയ പരിശോധനയിൽ പാറശാലയിൽ നിന്നും പുലർച്ചെ 3.30 തിന് തൃശൂരിലേക്ക് സർവീസ് നടത്തുന്ന RSC 600 നമ്പർ സൂപ്പർഫാസ്റ്റ് ബസിൽ നിന്ന് യുവതിയെയും കുഞ്ഞും ഉണ്ടെന്ന് കണ്ടക്ടർ ഡബ്ല്യു. ഷാജി കൺട്രോൾ റൂമിൽ അറിയിച്ചു. രാവിലെ 7.30 ഓടെ ഹരിപ്പാട് വെച്ചാണ് കണ്ടക്ടർ ഇവരെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും 8.15 ഓടെ ആലപ്പുഴ സൗത്ത് സി.ഐയുടെ നേതൃത്വത്തിൽ അമ്മയേയും കുഞ്ഞിനേയും ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ബസ് നിർത്തി കൊണ്ടു പോകുകയായിരുന്നു.

സ്റ്റേഷൻ മാസ്റ്റർ ഷാനി. കെ.എഫ്, ഇൻസ്‌പെക്ടർ ടി. സുകു, അസി. ഡിപ്പോ എഞ്ചിനീയർ ജി.എൽ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ 14 കണ്ടക്ടർമാരുടെ ടീമാണ് 24 മണി്ക്കൂറും കെഎസ്ആർടിസി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്നത്. ഒരു ഷിഫ്റ്റിൽ 4 പേർ വീതമാണ് ജോലി ചെയ്യുന്നത്. മൂന്നാഴ്ച മുൻപ് അടിമാലിയിൽ നിന്നും കാണാതായ കുട്ടിയെ കെ.എസ്.ആർ.ടി.സി ജീവനക്കാർ കണ്ടെത്തിയിരുന്നു. ഒന്നര ലക്ഷം രൂപയുമായി നാട് വിട്ട 12 വയസുകാരനെ കണ്ടക്ടർ ഡ്യൂട്ടിക്കിടയിൽ കണ്ടെത്തിയതിന് ഗുഡ് സർവ്വീസ് എൻഡ്രി അവാർഡ് നേടിയ ജീവനക്കാരിയാണ് ഈ ഓപ്പറേഷന് നേതൃത്വം നൽകിയ കണ്ടക്ടർ സ്മിത എസ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News