ആറന്മുള വള്ള സദ്യയുണ്ട് പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി

വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര' എന്ന ടാഗ് ലൈനിലാണ് ഈ തീർഥാടനയാത്ര സംഘടിപ്പിക്കുന്നത്

Update: 2022-08-18 06:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആറന്മുള വള്ള സദ്യയും കഴിച്ച്, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര' എന്ന ടാഗ് ലൈനിലാണ് ഈ തീർഥാടനയാത്ര സംഘടിപ്പിക്കുന്നത്.

മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നത് ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇന്ത്യയിലെ 108 വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. ചെന്തമിഴ് സാഹിത്യത്തിലെ വൈഷ്ണവ ഭക്തകവികളുടെ ഗുരുവായിത്തന്നെ കരുതിവരുന്ന നമ്മാഴ്വാർ തന്നെ സ്തുതിച്ചിട്ടുള്ള മലൈനാട്ടിലെ പതിനൊന്ന് തിരുപ്പതികളിൽ ഉൾപ്പെട്ടതുമാണ് ഈ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. അഞ്ച് വൈഷ്ണവക്ഷേത്രങ്ങൾ എന്നും ഇതറിയപ്പെടുന്നു.

ഈ തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശിക്കും. മധ്യ തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം. മഹാഭാരത കാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിയായ ദുര്‍ഗ്ഗാ ദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വ സിക്കപ്പെടുന്നു. അഞ്ജാതവാസക്കാലത്ത് കൗരവർ കണ്ടെത്തും എന്ന് വന്നതിനാൽ പാണ്ഡവർ അപൂർണ്ണമാക്കി ഉപേക്ഷിച്ചുപോയി എന്ന് വിശ്വസിക്കപ്പെടുന്ന അപൂർവ്വമായ കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവും ഈ തീർത്ഥാടനയാത്രയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.

ആറൻമുള പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തിൽ 2022 ആഗസ്ത് 4 മുതൽ ഒക്ടോബർ 9 വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർഥാടകർക്ക് പങ്കെടുക്കാവുന്നതാണ്. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുളക്കണ്ണാടിയുടെ നിർമാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനും ഉള്ള സൗകര്യം തീർത്ഥാടകർക്ക് ലഭ്യമാക്കുന്നതാണ്. ഉത്തരേന്ത്യയിൽ നിന്നടക്കം ധാരാളം തീർഥാടകർ എത്തുന്ന ഈ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് എത്തിച്ചേരുന്നുണ്ട് എന്നതിനാൽ തന്നെ അസുലഭമായ അവസരമാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ തീർത്ഥാടകർക്കായി ഒരുക്കുന്നത്.

യാത്രയിലുടനീളം സന്ദർശിക്കുന്ന ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് ലഭ്യമാക്കുന്നതാണ്. ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളുടെയും വഴിപാടുകളുടെയും ക്ഷേത്രനിർമ്മിതിയുടെയും വിശദ വിവരങ്ങൾ ഈ ഓഡിയോ ടൂർ ഗൈഡിൽ നിന്ന് ലഭ്യമാകും. പഞ്ച പാണ്ഡവ ക്ഷേത്ര ദർശനത്തിന്‍റെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ബ്രോഷറിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

PANCHA PANDAVA BROCHURE LINK : https://bit.ly/3Qshwus

സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും അന്വേഷണങ്ങൾക്കുമായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ - btc.ksrtc@kerala.gov.in

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News