അന്തർ സംസ്ഥാന സർവീസിന് കെ.എസ്.ആര്‍.ടി.സി തയ്യാര്‍; അനുമതി തേടി കർണാടക സർക്കാരിന് കത്തയച്ചു
കർണ്ണാടകത്തിൽ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കൂ.
കേരള - കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ പുനരാരംഭിക്കാന്‍ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലും കർണ്ണാടകത്തിലും കോവിഡ് നിയന്ത്രങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് തീരുമാനം. ജൂലൈ 12 മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് ശ്രമം.
കർണ്ണാടകത്തിൽ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നടത്താനാകൂ. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട് - കാസർഗോഡ് വഴി കെ.എസ്.ആർ.ടി.സി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സർവ്വീസുകളായിരിക്കും കർണ്ണാടക റോഡ് കോർപ്പറേഷനും നടത്തുക.
തമിഴ്നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് - സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാകും സർവ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.