കെ.എസ്.ആർ.ടി.സി ചർച്ചയിൽ തീരുമാനമായില്ല; 12 മണിക്കൂർ ഡ്യൂട്ടി നിർദേശം തള്ളി യൂണിയനുകൾ
എല്ലാ മാസവും കോർപ്പറേഷനെ സഹായിക്കാനാകില്ലെന്ന് സർക്കാർ, തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി ചർച്ച
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി സമയം 12 മണിക്കൂറാക്കണമെന്ന മാനേജ്‌മെൻറ് ആവശ്യം തൊഴിലാളി യൂണിയനുകൾ തള്ളി. ഇതോടെ സി.എം.ഡി ബിജുപ്രഭാകറുമായി യൂണിയനുകൾ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. എല്ലാ മാസവും ശമ്പളം അഞ്ചാം തീയതിക്ക് നൽകാനാകുമെന്നത് ഉറപ്പിച്ച് പറയാനാകില്ലെന്ന് മാനേജ്‌മെൻറ് ചർച്ചയിൽ വ്യക്തമാക്കി.
പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിലാണ് കഴിഞ്ഞ മാസത്തെ ശമ്പളം കോർപ്പറേഷന് വിതരണം ചെയ്യാനായത്. അടുത്ത മാസം സ്ഥിതി കൂടുതൽ മോശമാകും. വരുമാനം വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് സിഎംഡി ബിജു പ്രഭാകർ പറയുന്നത്. ഡ്യൂട്ടി സമയം വർധിപ്പിച്ച് രാവിലെയും വൈകുന്നേരവും സർവീസ് എണ്ണം കൂട്ടാനാണ് നിർദേശം. തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയെ ശക്തമായി എതിർക്കുകയാണ് യൂണിയനുകൾ.
ശമ്പള പ്രതിസന്ധിയിൽ മന്ത്രിതല ചർച്ചയാകാമെന്ന ധാരണയിൽ സിഐടിയു 28ന് പ്രഖ്യാപിച്ച സൂചനാ പണിമുടക്ക് മാറ്റി. പ്രതിപക്ഷ യൂണിയനുകൾ അടുത്ത മാസം ആറിന് നടക്കുന്ന പണിമുടക്കുമായി മുന്നോട്ടു പോകും. ശമ്പള കാര്യത്തിൽ മന്ത്രിതല ചർച്ച പ്രഖ്യാപിക്കുന്നതിന് മുമ്പ തന്നെ മന്ത്രി നയം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ സഹായമില്ലാതെ പൊതുഗതാഗതം നിലനിൽക്കില്ലെന്നാണ് ജീവനക്കാരുടെ വാദം. എല്ലാ മാസവും സഹായിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി മറുപടി നൽകുമ്പോൾ തിങ്കളാഴ്ചത്തെ ചർച്ച എന്തിനെന്ന ചോദ്യമാണ് ഉയർന്നത്.