'നീ ചത്തില്ലേ എന്ന് ചോദിച്ചായിരുന്നു മർദനം'; തോട്ടട ഐടിഐയിൽ എസ്എഫ്ഐ അക്രമത്തിനിരയായ മുഹമ്മദ് റിബിൻ
മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർ ചേർന്നാണ് തന്നെ അക്രമിച്ചത്
കണ്ണൂര്‍: നീ ചത്തില്ലേ എന്ന് ചോദിച്ചായിരുന്നു മർദനമെന്ന് തോട്ടട ഐ ടിഐ യിൽ എസ്എഫ്ഐ അക്രമത്തിനിരയായ കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് റിബിൻ മീഡിയവണിനോട് പറഞ്ഞു.
''മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർ ചേർന്നാണ് തന്നെ അക്രമിച്ചത് . കൊടി കെട്ടിയ മുളവടി ഉപയോഗിച്ച് അടിച്ചു വീഴ്ത്തി ബോധം പോകുംവരെ തലയിൽ ചവിട്ടിയെന്നും മുഹമ്മദ് റിബിൻ പറഞ്ഞു.
അതേസമയം സംഘര്‍ഷത്തില്‍ 17 വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും 5 കെഎസ്‌യു പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് എന്നിവരും പ്രതികളാണ്.
34 വർഷങ്ങൾക്കുശേഷമാണ് കണ്ണൂർ തോട്ടട ഐടിഐയിൽ കെഎസ്‍യു യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. മണിക്കൂറുകൾക്കുള്ളിൽ എസ്എഫ്ഐ പ്രവർത്തകർ ഇത് പിഴുതുമാറ്റിയെന്നാണ് കെഎസ്‍യു പ്രവർത്തകരുടെ ആക്ഷേപം. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് അതുലും സംസ്ഥാന നേതാവായ ഫർഹാൻ മുണ്ടേരിയുമടക്കമുള്ള നേതാക്കൾ പ്രിൻസിപ്പലിനെ കണ്ട് പരാതി നൽകാൻ കോളേജ് ക്യാംപസിലെത്തി. തുടർന്ന് ഇവർ ക്യാംപസിനകത്ത് കൊടി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് പൊലീസിനോട് സംസാരിച്ച് പ്രിൻസിപ്പലിനെ കാണാൻ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് തന്നെയാണ് ഇവരെയും കൊണ്ട് പ്രിൻസിപ്പലിന്‍റെ റൂമിലേക്ക് പോകുന്നതും.
എന്നാൽ പോകുന്ന വഴി എസ്എഫ്ഐ പ്രവർത്തകർ ഇവരെ തടഞ്ഞു. തുടർന്ന് ഇവർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് ക്രൂര മർദനമാണേറ്റത്. സംഘർഷത്തെത്തുടർന്ന് കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച സർവ്വകക്ഷി യോഗം വിളിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.