കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍; പൊലീസിന് വിവരം ലഭിക്കുന്നത് അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷം
എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് ഉരുള്‍പൊട്ടലുണ്ടായത്
തൊടുപുഴ: ഉരുള്‍പൊട്ടലിന്‍റെ നേരിയ സാധ്യത പോലുമിലാതിരുന്ന ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കൽ കോളനിയിലുണ്ടായ ഉരുള്‍പൊട്ടല്‍ നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നു മണിയോടെയുണ്ടായ ഉരുള്‍പൊട്ടല്‍ ഒരു കുടുംബത്തെ ഒന്നാകെ കവര്‍ന്നെടുത്തു. രണ്ടു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഗൃഹനാഥൻ സോമന്‍റെ അമ്മ തങ്കമ്മയുടെയും ചെറുമകൻ ദേവാനന്ദിന്‍റെയും(7) മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് ഉരുള്‍പൊട്ടലുണ്ടായത്. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് പൊലീസിന് വിവരം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വളരെ ശ്രമകരമായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണു കല്ലും വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. മുകളില്‍ നിന്നും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നു മണിയോടെയാണ് അപകടമുണ്ടായതെങ്കിലും നാലു മണിയോടെയാണ് തങ്ങള്‍ക്ക് വിവരം ലഭിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാടുകാണി ഭാഗത്ത് റോഡ് ബ്ലോക്കായതിനാല്‍ ഇടുക്കിയില്‍ നിന്നുള്ള സ്പെഷ്യല്‍ ടീമിന് സ്ഥലത്തെത്താന്‍ സാധിക്കില്ല.
വീടിരിക്കുന്ന ഭാഗത്തു നിന്നും തൊട്ടു താഴെയാണ് സോമന്‍റെ മാതാവ് തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തത്. ഏറ്റവും താഴെ നിന്നാണ് ഏഴു വയസുകാരന്‍ ദേവാനന്ദിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് വീണ്ടും ഒരു ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.