നവകേരള സദസ്സിന് തുക അനുവദിച്ച് യു.ഡി.എഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്; സെക്രട്ടറിയെ ഭീഷണിപ്പെടുത്തി തുക പാസാക്കിയെന്ന് ഭരണപക്ഷം
തുകയനുവദിച്ചതിനെ ചൊല്ലി ബ്ലോക്ക് പഞ്ചായത്തിൽ വിവാദം പുകയുന്നു
കോഴിക്കോട്: നവകേരള സദസ്സിന് തുകയനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്. തുകയനുവദിച്ചതിനെ ചൊല്ലി ബ്ലോക്ക് പഞ്ചായത്തിൽ വിവാദം പുകയുന്നു. ഭരണസമിതിയുടെ അനുമതിയോടെയല്ല സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയാണ് തുക പാസ്സാക്കിയതെന്ന് ഭരണപക്ഷം ആരോപിച്ചു. ഭരണ സമിതി അനുമതിയോടെയാണ് തുക അനുവദിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
കഴിഞ്ഞ 8ന് ചേർന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ഒരു ലക്ഷം രൂപ വരെ തനത് ഫണ്ടിൽ നിന്ന് നവകേരള സദസ്സിന് അനുവദിക്കാമെന്ന് ശിപാർശ ചെയ്തെന്നും പത്താം തീയതി ചേർന്ന ഭരണ സമിതി യോഗം ഇത് അനുവദിച്ചെന്നുമാണ് പ്രതിപക്ഷമായ എല്‍.ഡി.എഫ് അംഗങ്ങൾ പറയുന്നത്.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കത്ത് പരിശോധിക്കാൻ ശിപാർശ ചെയ്തതാണെന്നും തുക അനുവദിച്ചിട്ടില്ല എന്നുമാണ് ഭരണപക്ഷത്തിന്റെ വാദം. പത്തിന് നടന്ന ഭരണസമിതിയിൽ ഇത് ചർച്ച ചെയ്തില്ലെന്നും 21ന് ചേർന്ന യോഗത്തിൽ കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നവകേരള സദസ്സിന് തുക അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും യു.ഡി.എഫ് അംഗങ്ങൾ പറയുന്നു.
അതേസമയം, പത്താം തീയതി ഭരണ സമിതി എടുത്ത തീരുമാനം തുക കൈമാറാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതാണെന്നും 21ന് ചേർന്ന ഭരണസമിതി യോഗത്തിൽ അത് നൽകേണ്ടതില്ല എന്ന് മിനുട്സിൽ തിരുത്ത് വരുത്തിയതാണെന്നുമാരോപിച്ച് എൽ.ഡി.എഫ് മെംബർമാർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. തുടർന്നാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 60000 രൂപ പാസാക്കിയത്. യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഒമ്പതും അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഭരണം യു.ഡി.എഫിനാണ്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് ഭീഷണിപ്പെടുത്തിയാണ് തുക പാസാക്കിയതെന്ന് യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.