കുണ്ടറ പീഡന പരാതി; മന്ത്രിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി യുവതി
ദേശീയ വനിതാ കമ്മീഷനും പരാതി നൽകും. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് നടപടി.
കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനൊരുങ്ങി കുണ്ടറ പീഡന കേസിലെ പരാതിക്കാരി. ദേശീയ വനിതാ കമ്മീഷനും പരാതി നൽകും. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് നടപടി.
കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യുവതി വ്യക്തമാക്കിയത്.
അതേസമയം, തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേസില്‍ ആരോപണവിധേയനായ എൻ.സി.പി മുൻ സംസ്ഥാന നേതാവ് ജി. പത്മാകരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരി വിരോധം ഉള്ളവർക്കെതിരെ സമാനപരാതി മുൻപും നൽകിയിട്ടുണ്ട്. തന്നോടുള്ള രാഷ്ട്രീയ വിരോധം കാരണമാണ് അടിസ്ഥാനവിരുദ്ധമായ പരാതി നല്‍കിയത്. തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ നാർക്കോ അനാലിസിസ് അടക്കം ഏതു പരിശോധനയ്ക്കും തയാറാണെന്നും ജി. പത്മാകരൻ പരാതിയില്‍ പറയുന്നു.