105-ാം വയസിൽ തുല്യതാ പരീക്ഷ എഴുതി; മലപ്പുറത്ത് താരമായി കുഞ്ഞിപ്പെണ്ണ്
പാങ്ങ് ഗവ. എൽ.പി സ്കൂളിലാണ് കുഞ്ഞിപ്പെണ്ണ് നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതിയത്
മലപ്പുറം: നൂറ്റി അഞ്ചാം വയസിൽ പരീക്ഷ എഴുതിയിരിക്കുകയാണ് മലപ്പുറം പാങ്ങ് വടക്കേക്കര സ്വദേശിനി കുഞ്ഞിപ്പെണ്ണ്. സാക്ഷരത മിഷന്റെ നാലാംതരം തുല്യത പരീക്ഷയാണ് കുഞ്ഞിപ്പെണ്ണ് എന്ന മുത്തശ്ശി എഴുതിയത്.
പഠിച്ച് പരീക്ഷ എഴുതി ജോലി വാങ്ങുകയെന്നുമല്ല ലക്ഷ്യം. ഏത് പ്രായത്തിലായാലും അക്ഷരം പഠിക്കാമെന്ന സാക്ഷരത പ്രവർത്തകരുടെ പ്രേരണയാണ് 105-ാം വയസിൽ കുഞ്ഞിപ്പെണ്ണിനെ പരീക്ഷാ ഹാളിലെത്തിച്ചത്. പാങ്ങ് ഗവ. എൽ.പി സ്കൂളിലാണ് കുഞ്ഞിപ്പെണ്ണ് നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതിയത്.
ഏഴ് മക്കളും 26 പേരമക്കളും അവരുടെ മക്കളുമെല്ലാം പൂർണ്ണ പിന്തുണയുമായി കുഞ്ഞിപ്പെണ്ണിനൊപ്പം എന്തിനും കൂടെയുണ്ട്. 22 വയസ് ഇളയതാണെങ്കിലും 83 കാരി കദിയകുട്ടിയാണ് കുഞ്ഞിപ്പെണ്ണിന് പരീക്ഷക്ക് കൂട്ടായി ഉണ്ടായിരുന്നത്. മലപ്പുറം ജില്ലയിലെ സാക്ഷരത പ്രവർത്തകർ പരമാവധി ആളുകളെ തുല്യതാ പരീക്ഷക്ക് എത്തിക്കുന്നുണ്ട്.