കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലില്‍ തുറക്കും
നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്
തൃശൂർ-പാലക്കാട് ദേശീയ പാതയിലെ കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. തൃശൂർ ഭാഗത്തു നിന്നുള്ള അപ്രോച്ച് റോഡിന്‍റെ നിർമ്മാണത്തിനായി തുരങ്കത്തിന് മുന്നിലുള്ള റോഡ് പൂർണമായി പൊളിച്ചു.
തൃശൂർ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിന്‍റെ അകത്തെ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി. ലൈറ്റുകൾ, സൂചന ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കുന്ന ജോലികളും ഉടൻ തീരും. എക്‌സ്‌ഹോസ്റ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. രണ്ട് വശത്തെയും തുരങ്ക കവാടങ്ങളുടെ പണികളും അവസാന ഘട്ടത്തിലാണ്. തുരങ്കത്തിലേക്കുള്ള റോഡ് നിർമിക്കുന്നതുമായി കുതിരാൻ മലയിലൂടെ പോകുന്ന പാത പൂർണ്ണമായും പൊളിച്ചു നീക്കി. ഇനി മുതൽ കുതിരാൻ ക്ഷേത്രത്തിന് മുന്നിലൂടെ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പോകാൻ കഴിയില്ല.