ലക്ഷദ്വീപ് വാർത്തകൾ നൽകി: മീഡിയവൺ റിപ്പോർട്ടർക്കെതിരായ സൈബർ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് കെ.യു.ഡബ്ല്യു.ജെയുടെ പരാതി
സംഭവം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരായ വാർത്തകൾ നൽകിയതിനെ തുടർന്ന് മീഡിയവൺ റിപ്പോർട്ടർക്ക് നേരെ സൈബർ ആക്രമണം. മീഡിയവൺ കൊച്ചി ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടന്റും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ ഷബ്ന സിയാദിന് നേരെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തയും ദുഷ്പ്രചരണവും നടത്തുന്നത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ നടപടികളും അതിനെ തുടർന്ന് ലക്ഷദ്വീപിൽ നടന്നു വരുന്ന പ്രതിഷേധ പരിപാടികളും തുടക്കം മുതൽ മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. ലക്ഷദ്വീപ് വാർത്തകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് റിപ്പോർട്ടർ ഷബ്ന സിയാദിനു നേരെ ഓൺലൈൻ ചാനൽ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും വ്യാജ പ്രചരണങ്ങളും പ്രചരിപ്പിക്കുകയായിരുന്നു.
സംഭവം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ കേരള പത്രപ്രവർത്തക യൂണിയൻ, വ്യാജ പ്രചാരകർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് അർഹമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.യു.ഡബ്ല്യു.ജെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.