'പെരിയ ഇരട്ടക്കൊലയിൽ തന്നെ പ്രതിചേർത്തത് കരുതിക്കൂട്ടി' സി.ബി.ഐക്കെതിരെ കെ.വി കുഞ്ഞിരാമൻ
'പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ്സ് ശ്രമം. എന്നെ പ്രതിചേർത്തത് വസ്തുതകളുടെ പിൻബലമില്ലാതെയാണ്...'
പെരിയ കേസിൽ തന്നെ പ്രതി ചേർത്തത് വസ്തുതകളുടെ പിൻബലമില്ലാതെയെന്ന് മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ മീഡിയവണിനോട്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് വന്നിട്ടില്ലെന്നും പ്രതികളെ പൊലീസിന് മുന്നിൽ ഹാജരാക്കുകയാണ് ചെയ്തതെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.
തന്നെ പ്രതിചേർത്തതിന് പിന്നില്‍ കൃത്യമായ ഗൂഢലക്ഷ്യങ്ങളുണ്ട്. സി.പി.എമ്മിനെ കൊലയാളി പാർട്ടിയായി മുദ്രകുത്താൻ ശ്രമം നടക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കുന്ന അജണ്ടയാണ് പലതുമെന്നും കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടു. ഇത്രയും നാളിനിടയില്‍ ഒരു കേസില്‍പോലും ജാമ്യമില്ലാത്ത വകുപ്പ് പ്രകരം തനിക്കെതിരെ കേസെടുത്തിട്ടില്ല. ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ മനസിലാകും ഒരു ക്രിമിനൽ പശ്ചാത്തലമുള്ള ആളേയല്ല ഞാന്‍. അദ്ദേഹം പറഞ്ഞു.
പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ്സ് ശ്രമം. എന്നെ പ്രതിചേർത്തത് വസ്തുതകളുടെ പിൻബലമില്ലാതെയാണ്. പ്രതികളെ പൊലീസിന് മുന്നിൽ ഹാജരാക്കുകയാണ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് വന്നെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. സി.ബി.ഐ ക്ക് മുന്നിൽ അറിയാവുന്ന കാര്യങ്ങളെല്ലാം തന്നെ പറഞ്ഞിട്ടുണ്ട്. കുഞ്ഞിരാമന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ എം.എല്‍.എയായ കെ.വി.കുഞ്ഞിരാമനെ സി.ബി.ഐ പ്രതിചേര്‍ത്തത്.