ഫാ.യൂജിൻ പെരേരയ്‌ക്കെതിരായ കേസ്; ലത്തീൻ കാത്തലിക്ക് അസോസിയേഷന്റെ പ്രതിഷേധ മാർച്ച് ഇന്ന്
വൈദികർക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരെ എടുത്ത എല്ലാ കേസും പിൻവലിക്കണം എന്നാണ് ആവശ്യം
തിരുവനന്തപുരം: മുതലപ്പൊഴിയിലെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തിൽ ഫാദർ യൂജിൻ പെരേരക്ക് എതിരെ കേസ് എടുത്തതിൽ പ്രതിഷേധവുമായി കേരള ലത്തീൻ കാത്തലിക് അസോസിയേഷൻ. ഇന്ന് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലേക്ക് കേരള കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
വൈകിട്ട് അഞ്ചുമണിക്കാണ് മാർച്ച്. മുതലപ്പൊഴി ജംഗ്ഷനിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് ആണ് മാർച്ച്. വൈദികർക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരെ എടുത്ത എല്ലാ കേസും പിൻവലിക്കണം എന്നാണ് ആവശ്യം. കലാപാഹ്വാനമടക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
മുതലപ്പുഴിയിൽ എത്തിയ മന്ത്രിമാരെ പിടിച്ചിറക്കാടാ എന്നാ ആക്രോശിച്ചു കൊണ്ട് ഫാ. യൂജിൻ പേരീരാ ക്രിസ്തീയ സഭ വിശ്വാസികളെ പ്രകോപിതരാക്കി കലാപത്തിന് ശ്രമിച്ചുവെന്നാണ് പൊലീസ് എഫ്‌ഐആർ. എന്നാൽ മുതലപ്പൊഴിയിൽ ഒന്നും ചെയ്യാത്ത സർക്കാരും മന്ത്രിമാരുമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെന്നാണ് യൂജിൻ പെരേരയുടെ മറുപടി.
സഭ ഇടഞ്ഞതോടെ ഫാ. യുജിൻ പേരേരയ്‌ക്കെതിരെ മന്ത്രിമാർ പരാതി നൽകിയിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി ആൻറണി രാജു രംഗത്തെത്തി. രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലോ അഞ്ചോ പേരാണ് പ്രതിഷേധ സ്വരത്തിൽ സംസാരിച്ചതെന്നും പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവർ കോൺഗ്രസുകാരാണെന്ന് മനസ്സിലായതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.