കണ്ണൂരിൽ കള്ളവോട്ടെന്ന് എൽ.ഡി.എഫ് പരാതി; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോഴിക്കോടും കള്ളവോട്ട് പരാതി, വീട്ടിലെ വോട്ടിൽ ആൾമാറാട്ടം.
കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് പരാതിയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പോളിങ് ഓഫീസറെയും ബി.എൽ.ഒയെയുമാണ് കലക്ടർ സസ്പെൻഡ് ചെയ്തത്. അസിസ്റ്റന്റ് കലക്ടറോട് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനും കലക്ടർ നിർദേശിച്ചു. കള്ളവോട്ട് ആരോപണവുമായി എൽ.ഡി.എഫാണ് രംഗത്തെത്തിയത്. വീട്ടിലെ വോട്ടിൽ ആൾമാറാട്ടം നടത്തിയെന്ന് കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എൽ.ഡി.എഫ് പരാതി നൽകിയിരുന്നു.
കണ്ണൂർ നിയോജക മണ്ഡലം എഴുപതാം നമ്പർ ബൂത്തിൽ കെ.കമലാക്ഷിക്ക് പകരം വി.കമലാക്ഷിയെ കൊണ്ട് വോട്ടുചെയ്യിപ്പിച്ചുവെന്നാണ് പരാതി. കോൺഗ്രസ് അനുഭാവിയായ ബി.എൽ.ഒ കള്ളവോട്ടിന് കൂട്ടുനിന്നുവെന്നും എൽ.ഡി.എഫ് ആരോപിച്ചിരുന്നു.
അതേസമയം, കോഴിക്കോടും വീട്ടിലെ വോട്ടിൽ കള്ളവോട്ട് ആരോപണമുയർന്നു. പെരുവയലിൽ എണ്‍പത്തിനാലാം നമ്പർ ബൂത്തിൽ ആളുമാറി വോട്ട് ചെയ്യിപ്പിച്ചുവെന്നാണ് പരാതി. 91 കാരി ജാനകി അമ്മ പായുംപുറത്തിന്റെ വോട്ട് ചെയ്തത് 80കാരി ജാനകി അമ്മ കൊടശേരിയാണെന്ന് പരാതിയിൽ പറയുന്നു. എൽ.ഡി.എഫ് ഏജന്റ് എതിർത്തിട്ടും ഉദ്യോഗസ്ഥർ വോട്ടുചെയ്യാൻ അനുവദിച്ചുവെന്നാണ് ആരോപണം.