'യു.ഡി.എഫിനെ ചലിപ്പിച്ചത് കോൺഗ്രസോ ലീഗോ അല്ല, ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമാണ്'; എ.കെ ബാലൻ
ഇടതു ജനാധിപത്യ മുന്നണി ശക്തമായി തിരിച്ചു വരുമെന്നും എ.കെ. ബാലൻ പറഞ്ഞു.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സംഘടനയെ ചലിപ്പിച്ചത് കോൺഗ്രസോ മുസ്‌ലിം ലീഗോ അല്ല ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ഇടതുപക്ഷത്തെ ചില വിഭാഗങ്ങൾക്കിടയിൽ നിന്ന് വേണ്ടത്ര പിന്തുണയുണ്ടായില്ല. എന്നാൽ ഇടതുപക്ഷം ശക്തമായി തിരിച്ചു വരുമെന്നും ബാലൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സംഘടനയെ ചലിപ്പിച്ചത് യഥാർഥത്തിൽ കോൺഗ്രസോ മുസ്‌ലിം ലീഗോ അല്ല. അതിന്റെ പിന്നിൽ വലിയ ശക്തിയുണ്ട്. അത് ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമാണ്. ഇതിനെ കുറച്ചു കാണണ്ട. അതിന്റെ ആപത്ത് അവർ മനസ്സിലാക്കാൻ പോവുന്നതെയുളളൂ. അത് കേരളത്തിലെ പൊതുമണ്ഡലത്തിലുണ്ടാക്കാൻ പോകുന്ന അപകടകരമായിട്ടുളള ഒരു സൂചനയുടെ ലക്ഷണമാണ് ഇപ്പോൾ കാണുന്നതെന്ന് എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷം നേടി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നു. അതേസമയം 2019 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് പരാജയം നേരിട്ടപ്പോൾ വിലയിരുത്തൽ നടത്തി. ഒന്നര വർഷത്തിനുള്ളിൽ പാർട്ടി പ്രവർത്തനത്തിൽ വലയ മാറ്റം വരുത്തി. അതോടെ പാർട്ടിയുടെ ജനകീയ സ്വാധീനത്തിൽ മാറ്റം വന്നു. അതുപോലെ ഈ തെരഞ്ഞെടുപ്പിലുണ്ടായ അനുഭവം പാർട്ടി പരിശോധിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സംഘടനാതലം ചലിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. എൽ.ഡി.എഫിന്റെ വിജയത്തെ മുന്നിൽ കണ്ടുകൊണ്ട് എല്ലാവഴിവിട്ട മാർഗങ്ങളും യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് ജമാഅത്തെ ഇസ്‍ലാമിയും മറ്റൊരു ഭാഗത്ത് എസ്.ഡി.പി.ഐയുമായിരുന്നു എന്ന് കഴിഞ്ഞ ദിവസവും ബാലൻ ആവർത്തിച്ചിരുന്നു.