പ്രധാനമന്ത്രിയുടെ ശബരിമല, മതമേലധ്യക്ഷൻമാരുടെ വിരുന്ന് പരാമർശങ്ങളെ രാഷ്ട്രീയമായി നേരിടാൻ ഇടത് മുന്നണി
ക്രൈസ്തവ സഭാധ്യക്ഷന്‍മാരുടെ അനുഗ്രഹം ലഭിച്ചുവെന്ന് പറയുന്ന പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് മൗനം പാലിച്ചതും രാഷ്ട്രീയ ചോദ്യമായി ഉന്നയിക്കാനാണ് എല്‍.ഡി.എഫ് നീക്കം.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല, മതമേലധ്യക്ഷന്‍മാരുടെ വിരുന്ന് പരാമർശങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ഇടത് മുന്നണി തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യ പോലെ, ശബരിമലയേയും രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന് ആരോപണം ഉന്നയിച്ചേക്കും.
ക്രൈസ്തവ സഭാധ്യക്ഷന്‍മാരുടെ അനുഗ്രഹം ലഭിച്ചുവെന്ന് പറയുന്ന പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് മൗനം പാലിച്ചതും രാഷ്ട്രീയ ചോദ്യമായി ഉന്നയിക്കാനാണ് എല്‍.ഡി.എഫ് നീക്കം.
കേരളത്തിലെ ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമായിട്ടാണ് പ്രധാനമന്ത്രിയുടെ തൃശ്ശൂർ വരവിനെ ഇടത് മുന്നണി കാണുന്നത്. എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്തെ ഒഴിവാക്കി തൃശ്ശൂരില്‍ പ്രധാനമന്ത്രി എത്തിയതിന് പിന്നിലും മുന്നണി രാഷ്ട്രീയമുണ്ടെന്നാണ് ഭരണപക്ഷത്തിന്‍റെ കണക്ക് കൂട്ടല്‍. ഉത്തരേന്ത്യയിലേത് പോലെ ഹിന്ദുത്വ രാഷ്ട്രീയത്തെ കത്തിക്കാനുള്ള നീക്കമായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ സി.പി.എം വിലയിരുത്തുന്നത്.
അതിന്‍റെ ഭാഗമായിട്ടാണ് ശബരിമലയും തൃശ്ശൂർ പുരവും എല്ലാം പ്രധാനമന്ത്രി വിമശിച്ചതെന്നാണ് പാർട്ടിയും മുന്നണിയും കണക്ക് കൂട്ടുന്നത്. ഇതിനെ രാഷ്ട്രീയ മറുപടി നല്‍കി നേരിടാനാണ് തീരുമാനം. ശബരിമല മണ്ഡലകാലത്ത് ബോധപൂർവ്വം പ്രശ്നമുണ്ടാക്കി അതിനെ രാഷ്ട്രീയവത്കരിക്കാന്‍ നീക്കം നടന്നുവെന്നാണ് സി.പി.എം ആരോപണം.
ശബരിമലയില്‍ ആവശ്യമായ സൗകര്യം ഒരുക്കിയിട്ടും വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് വോട്ട് ബാങ്ക് താത്പര്യമാണെന്നും നേതാക്കള്‍ പറയുന്നുണ്ട്. തൃശ്ശൂർ പൂരത്തെയും മതവത്കരിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന മുന്നണി വിമർശനം വരും ദിവസങ്ങളില്‍ കേള്‍ക്കാം. ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ വിരുന്നിനെ പുകഴ്ത്തിയ പ്രധാനമന്ത്രി എന്ത്കൊണ്ട് മണിപ്പൂർ മിണ്ടിയില്ല എന്ന ചോദ്യവും ഉയർന്ന് വരും.