ഗവർണർക്കെതിരെ ഇടതുമുന്നണിയുടെ രാജ്ഭവൻ ധർണ ഇന്ന്

നേതൃത്വം ഇടതുമുന്നണിക്കാണെങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജഭവൻ മാർച്ച്. കേരളത്തിനെതിരായ നീക്കം ചേർക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ.

Update: 2022-11-15 00:49 GMT
Advertising

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഭരണത്തിൽ ഗവർണർ അന്യായമായി ഇടപെടുന്നതിനെതിരെ ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ച് ഇന്ന്. രാവിലെ 10.30ന് ആരംഭിക്കുന്ന ധർണ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മാർച്ചിൽ ഡി.എം.കെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കും. സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ കൈകടത്തുന്ന ഗവർണർമാർക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമായി രാജഭവൻ മാർച്ച് മാറും. ഗവർണർ തലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവനിൽ ഒരുക്കിയിട്ടുള്ളത്.

നേതൃത്വം ഇടതുമുന്നണിക്കാണെങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജഭവൻ മാർച്ച്. കേരളത്തിനെതിരായ നീക്കം ചേർക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണത്തിനുള്ള ഗവർണറുടെ നീക്കങ്ങൾ തടയേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമെന്നാണ് ഇടതുമുന്നണിയുടെ പ്രചാരണം. അതുകൊണ്ടാണ് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലെ സമരം. ഒരുലക്ഷം പേർ സമരത്തിൽ പങ്കെടുക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നത്.

നന്ദാവനത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് വെള്ളയമ്പലം ജങ്ഷനിൽ പോലീസ് തടയും. കവടിയാർ, മ്യൂസിയം, വഴുതക്കാട് റോഡുകളിൽ പ്രവർത്തകർ കേന്ദ്രീകരിക്കും.രാജ് ഭവനിൽ പ്രതിഷേധം നടക്കുന്ന സമയത്ത് ജില്ലാ കേന്ദ്രങ്ങളിൽ പതിനായിരക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരിപാടികളും ഉണ്ടാകും. സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറെ തിരിച്ച് വിളിക്കണമെന്ന രാഷ്ട്രപതിയോട് ആവശ്യപ്പെട്ട ഡി.എം.കെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പരിപാടിയിൽ പങ്കെടുക്കുക വഴി കേരളത്തിലെ പ്രതിഷേധം ദേശീയതലത്തിൽ ശ്രദ്ധിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News