Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ഫിലിം ചേംബർ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചേക്കും. സിനിമ സാംസ്കാരിക മന്ത്രി സജി ചെറിയാനും, ഫിലിം ചേംബറും, നിർമ്മാതാക്കളും നടത്തിയ ചർച്ചയിലാണ് സമരം ഒഴിവാക്കാന്‍ ധാരണയായത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് തീരുമാനം.
നിർമ്മാതാക്കളും ഫിലിം ചേംബർ ഉന്നയിച്ച വിഷയങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമുണ്ടെന്നാണ് മന്ത്രി സജി ചെറിയാൻ സംഘടനാ ഭാരവാഹികളെ അറിയിച്ചത്. വിനോദ നികുതിയും, ജിഎസ്ടിയും ഒരുമിച്ച് കേരളത്തിൽ ഈടാക്കുന്നുണ്ട്. അതിൽ ഒന്ന് ഒഴിവാക്കി തരണം എന്നാണ് നിർമ്മാതാക്കളുടെ ഒരു ആവശ്യം. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ഇത്തരത്തിൽ ഇരട്ട നികുതി എന്ന് നിർമ്മാതാക്കൾ മന്ത്രിയെ അറിയിച്ചു.
ഇതിൽ ധനവകുപ്പുമായി സംസാരിക്കണമെന്ന് മന്ത്രി ഭാരവാഹികളോട് പറഞ്ഞു. വിനോദ നികുതിയുടെ ഒരു ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തദ്ദേശ വകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യണം. ഷൂട്ടിംഗ് അനുമതികളുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി ചർച്ച നടത്തണം. സിനിമ തീയറ്ററുകളുടെ വൈദ്യുതി നിരക്ക് കുറയ്ക്കണം എന്ന ആവശ്യം വൈദ്യുതി മന്ത്രിയുമായി ചർച്ച ചെയ്യേണ്ടതാണ്. അങ്ങനെ വിവിധ വകുപ്പുകളുമായി സംസാരിച്ച്, കാര്യങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ വിശദമായ മാർഗ്ഗരേഖ പുറത്തിറക്കാം എന്ന് മന്ത്രി ഉറപ്പു നൽകി.